![](https://dailyvoicekadakkal.com/wp-content/uploads/2024/03/Vijaya-final-copy-9-1024x237.jpg)
വിഖ്യാത ചിത്രകാരന്‍ എ. രാമചന്ദ്രന്റെ 48 പെയിന്റിങ്ങുകള്‍ കേരളത്തിന് കൈമാറുന്നു. ഇവയ്ക്കായി കൊല്ലത്തെ ജില്ലാ സാംസ്‌കാരിക നിലയത്തില്‍ പ്രത്യേക മ്യൂസിയം തുറക്കും.
അന്തര്‍ദേശീയതലത്തില്‍ പ്രശസ്തനായ രാമചന്ദ്രന്റെ കൈമാറുന്ന ചിത്രങ്ങള്‍ക്ക് ഏകദേശം 300 കോടിയുടെ വിപണിമൂല്യമുണ്ട് എന്നാണ് കണക്കാക്കിയിരിക്കുന്നത.
ഭാര്യ ടാന്‍ യുവാന്‍ ചമേലിയുടെ 12 പെയിന്റിങ്ങുകളും കൈമാറുന്നുണ്ട്.ഫെബ്രുവരി 10-ന് അന്തരിച്ച രാമചന്ദ്രന്റെ ആഗ്രഹമായിരുന്നു നാട്ടിലൊരു മ്യൂസിയം. ആറ്റിങ്ങല്‍ സ്വദേശിയായ രാമചന്ദ്രന്‍ ദീര്‍ഘകാലം ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. മരിക്കുന്നതിനുമുമ്പ് ചിത്രങ്ങള്‍ കൈമാറുന്നതിനും മ്യൂസിയം തുടങ്ങുന്നതിനും താത്പര്യമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തും നല്‍കിയിരുന്നു. 12 അടി നീളവും ആറടി ഉയരവുമുള്ള ചിത്രങ്ങള്‍വരെ ഇതിലുണ്ട്.
1957 മുതല്‍ വരച്ച പെയിന്റിങ്ങുകളാണിവ.കുറച്ചു ദിവസം മുമ്പ് മകന്‍ രാഹുല്‍ തിരുവനന്തപുരത്തെത്തി ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി വി. വേണുവുമായി ചര്‍ച്ച നടത്തുകയും കൊല്ലത്തെ നിര്‍ദിഷ്ട മ്യൂസിയത്തിന്റെ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം രാമചന്ദ്രന്റെ പുസ്തകശേഖരവും കേരളത്തിന് കൈമാറുന്നുണ്ട്. ഇവ കേരള ലളിതകലാ അക്കാദമിയുടെ ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തിലെ ലൈബ്രറിയില്‍ സൂക്ഷിക്കും.
1935-ല്‍ ജനിച്ച രാമചന്ദ്രന്‍ തിരുവനന്തപുരത്തെ കോളേജ്പഠനത്തിനുശേഷം ശാന്തിനികേതനില്‍ കലാപഠനം നടത്തി. കുറെകാലം കേരള ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്നു. 2005-ല്‍ പദ്മഭൂഷണ്‍ ലഭിച്ചു.
![](https://i.imgflip.com/8kijcp.gif)
![](https://dailyvoicekadakkal.com/wp-content/uploads/2024/03/DAILY-EMPLEM-19-816x1024.jpeg)