

സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവം- വർണ്ണപ്പകിട്ട് 2024ന് ഫെബ്രുവരി 17ന് തൃശ്ശൂരിൽ തിരിതെളിയും. കലോത്സവത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഫെബ്രുവരി 17, 18, 19 തീയതികളിലായി തൃശ്ശൂർ ടൗൺഹാൾ, എഴുത്തച്ഛൻ സമാജം ഹാൾ എന്നിവിടങ്ങളിലായി വിവിധ കലാപരിപാടികൾ അരങ്ങേറും. 17ന് വൈകിട്ട് നാലു മണിക്ക് വിദ്യാർത്ഥി കോർണറിൽ നിന്നാരംഭിച്ച് ടൗൺഹാളിൽ എത്തിച്ചേരുന്ന ഘോഷയാത്രക്ക് പിന്നാലെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും.
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വർണ്ണപ്പകിട്ട് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ശ്രീ. കെ രാജൻ, ശ്രീ. കെ രാധാകൃഷ്ണൻ, ശ്രീ. പി ബാലചന്ദ്രൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 200 ട്രാൻസ്‌ജെൻഡർ വ്യക്തികൾ ഉദ്ഘാടനച്ചടങ്ങിനു ശേഷം കലാവിരുന്ന് സമ്മാനിക്കും. 18ന് രാവിലെ ഒമ്പതു മുതൽ വൈകിട്ട് ഏഴു വരെയും, 19ന് രാവിലെ ഒമ്പതു മുതൽ വൈകിട്ട് നാലു വരെയുമായിരിക്കും കലാവിരുന്ന്. 19ന് വൈകിട്ട് അഞ്ചു മണിക്കാണ് സമാപനസമ്മേളനം.
ഇന്ത്യയിൽ ആദ്യമായി ട്രാൻസ്‌ജെൻഡർ സമൂഹത്തിനുവേണ്ടി ട്രാൻസ്‌ജെൻഡർ നയം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാൻസ്‌ജെൻഡർ വിഭാഗത്തിനായി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സമസ്ത മേഖലകളിലും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളിലാണ് സാമൂഹ്യനീതി വകുപ്പ്. അതിന്റെ ഭാഗമായി, ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സാമൂഹ്യ പുന:സംയോജനത്തിന് ഉതകുന്ന വിധത്തിലാണ് വർണ്ണപ്പകിട്ട് ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്.
ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗ്ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും, മുഖ്യധാരയിലേക്ക് അവരെ ഉയർത്തിക്കൊണ്ടുവരുന്നതിനും വേണ്ടി ‘വർണ്ണപ്പകിട്ട്’ എന്ന പേരിൽ ഇന്ത്യയിലെ ആദ്യ ട്രാൻസ്‌ജെൻഡർ കലോത്സവം 2019-ൽ ആണ് ആദ്യമായി സംസ്ഥാനത്ത് ആരംഭിച്ചത്. കോവിഡ് രോഗവ്യാപനം കാരണം രണ്ടു വർഷങ്ങളിൽ നടത്താൻ സാധിക്കാതെ വന്ന വർണ്ണപ്പകിട്ട്, കഴിഞ്ഞ വർഷമാണ് പുനരാരംഭിച്ചത്.



