കൊച്ചി: ഒബിസിറ്റി (അമിതവണ്ണം) സര്‍ജറി സൊസൈറ്റി ഓഫ് ഇന്ത്യയുടെ 21-ാം ദേശീയ സമ്മേളനം ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. കേരളത്തില്‍ ആദ്യമായി നടക്കുന്ന ഒബിസിറ്റി സര്‍ജന്മാരുടെ സമ്മേളനം ശനിയാഴ്ച വരെ തുടരും. വി.പി.എസ് ലേക്ഷോര്‍ ആശുപത്രിയുടെ മിനിമലി ഇന്‍വേസീവ് സര്‍ജറി വിഭാഗം, കീഹോള്‍ ക്ലിനിക്, വെര്‍വന്‍ഡൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

വ്യാഴാഴ്ച ഒബിസിറ്റി സര്‍ജറി സൊസൈറ്റി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ഡോ. പ്രവീണ്‍ രാജിന്റെ അധ്യക്ഷതയില്‍ ലേ മെറിഡിയനില്‍ നടന്ന ചടങ്ങില്‍ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് സര്‍ജന്‍സ് ഫോര്‍ ഒബിസിറ്റി പ്രസിഡന്റ് ഡോ. ജെറാള്‍ഡ് പ്രാഗര്‍ (വിയന്ന) സമ്മേളനം ഉദ്ഘാടനം ചെയ്തു. ആഗോള തലത്തില്‍ നോക്കിയാല്‍ ഇന്ത്യയില്‍ അമിതവണ്ണക്കാരുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും ചികിത്സ ആവശ്യമായ രോഗാവസ്ഥ തന്നെയാണ് അതെന്ന് ജെറാള്‍ഡ് പ്രാഗര്‍ അറിയിച്ചു. അമിത വണ്ണക്കാരുടെ എണ്ണത്തില്‍ 55 ശതമാനത്തിലേറെയാണ് പ്രതിവര്‍ഷം വര്‍ധനവുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ആര്‍ പത്മകുമാര്‍, ലേക്ഷോര്‍ എം.ഡി എസ്.കെ അബ്ദുള്ള, സംഘാടക സമിതി സെക്രട്ടറി ഡോ. മധുകര്‍ പൈ തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു.

സമ്മേളനത്തിന് മുന്നോടിയായി ബുധനാഴ്ച വി.പി.എസ് ലേക്ഷോര്‍ ആശുപത്രിയില്‍ സര്‍ജന്മാരുടെ പ്രീകോണ്‍ഫറന്‍സ് സെമിനാറുകളും യുവസര്‍ജന്മാര്‍ക്ക് വേണ്ടി പ്രായോഗിക പരിശീലനവും നടന്നിരുന്നു. അമേരിക്കന്‍ ബായാട്രിക് സൊസൈറ്റി അദ്ധ്യക്ഷ ഡോ. മറിനാ കുര്യന്‍, മെറ്റബോളിക് സര്‍ജറി ഉപജ്ഞാതാവ് ഡോ. ഓറിയോ ഡിപോള (ബ്രസീല്‍), ബ്രിട്ടീഷ് ഒബിസിറ്റി സൊസൈറ്റി അധ്യക്ഷന്‍ ഡോ. ജിം ബെറിന്‍ എന്നിവര്‍ ഒബിസിറ്റി ചികിത്സയിലെ ആധുനിക മാറ്റങ്ങളെക്കുറിച്ച് വ്യാഴാഴ്ച നടന്ന സെമിനാറില്‍ പ്രഭാഷണം നടത്തി.

മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും ചര്‍ച്ചകളും നടക്കും. ഇന്ത്യയിലെയും വിദേശത്തെയും മുന്നൂറിലേറെ ഒബിസിറ്റി വിദഗ്ധരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വരും ദിവസങ്ങളില്‍ ഇന്റര്‍നാഷണല്‍ ലക്ചേഴ്സ് വിഭാഗത്തില്‍ ഇരുന്നൂറിലധികം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടും. ഇതില്‍ നൂറ്റമ്പത് പ്രബന്ധങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവയാണ്.

അമിതവണ്ണം നിയന്ത്രത്തിലാക്കാനുള്ള മരുന്നുകള്‍ ജീവിതചര്യകള്‍, ബലൂണ്‍ ശസ്ത്രക്രിയകള്‍, ശസ്ത്രക്രിയകള്‍ എന്നിവയില്‍ അന്താരാഷ്ട്ര തലത്തില്‍ വന്നിട്ടുള്ള പുരോഗതികള്‍ എല്ലാവരിലും എത്തിക്കുകയും ജനങ്ങള്‍ക്ക് അവയുടെ പ്രയോജനം ലഭ്യമാക്കുകയുമാണ് ഈ സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്.

error: Content is protected !!