
തിരുവനന്തപുരം: നാഗർകോവിലിൽ കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചു. നാഗർകോവിനടുത്തുള്ള മാർത്താണ്ഡം മേൽപ്പാലത്തിലാണ് അപകടം. സംഭവത്തിൽ യാത്രക്കാർ ഉൾപ്പെടെ 35 പേർക്ക് പരിക്കേറ്റു. മുഴുവൻ ആളുകളെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് ബസിലെയും ഡ്രൈവർമാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കെഎസ്ആർടിസി ബസിലെ ഡ്രൈവർ അനീഷ് കൃഷ്ണ, തമിഴ്നാട് ആർടിസി ബസിലെ ഡ്രൈവർ സുരേഷ് കുമാർ എന്നിവരെ നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
നാഗർകോവിലിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും, കളിയിക്കാവിളയിൽ നിന്നും കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കെഎസ്ആർടിസി ബസ് മുന്നിലുള്ള ടോറസ് ലോറി മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ തമിഴ്നാട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് ബസുകളുടെയും മുൻവശം പൂർണമായും തകർന്നിട്ടുണ്ട്.


