കൊച്ചി: ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന് സംസ്ഥാന കായിക വകുപ്പിന്റെ പിന്തുണ. കൊച്ചി ആസ്ഥാനമായ ക്ലിയോസ്‌പോര്‍ട്‌സാണ് ഫെബ്രുവരി 11-ന് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ സംഘടിപ്പിക്കുന്നത്.

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിലൂടെ ലോക കായിക ഭൂപടത്തില്‍ കൊച്ചിക്ക് ഒരു സ്ഥാനം ലഭിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അറിയിച്ചു. സ്‌പോര്‍ട്‌സ് കേരള ഏറെ സന്തോഷത്തോടെയാണ് മാരത്തണുമായി സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘കായിക മേഖലയിലെ എല്ലാം രംഗത്തെയും വികസനമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. മാരത്തണ്‍ പോലുള്ള പരിപാടികളിലൂടെ എല്ലാവരിലും കായിക സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സാധിക്കും. കൊച്ചിയെ ആഗോള സ്‌പോര്‍ട്‌സ് ടൂറിസത്തിന്റെ കേന്ദ്രമാക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഈ വര്‍ഷത്തെ മാരത്തണ്‍ ഒരു വന്‍ വിജയമായിത്തീരട്ടേയെന്നും വരുംവര്‍ഷങ്ങളില്‍ രാജ്യത്തെ ഏറ്റവുമധികം ബഹുജന പങ്കാളിത്തമുള്ള പരിപാടിയായി ഇത് മാറട്ടേയെന്നും ആശംസിക്കുന്നു.’ തിരുവനന്തപുരത്ത് ക്ലിയോസ്പോര്‍ട്സ് അധികൃതരുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു.

പതിനായിരത്തിലേറെ കായികതാരങ്ങള്‍ പങ്കെടുക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന് വന്‍ജനപിന്തുണയാണ് ലഭിക്കുന്നതെന്നും സംസ്ഥാനത്തിന്റെ കായിക രംഗത്തിന് അതിലൂടെ വലിയ സംഭാവനയാണ് നല്‍കുന്നതെന്നും ക്ലിയോസ്പോര്‍ട്സ് ഡയറക്ടര്‍മാരായ ശബരി നായര്‍, അനീഷ് പോള്‍ എന്നിവര്‍ പറഞ്ഞു. ആരോഗ്യത്തിനും ജീവിതചര്യയ്ക്കും മുന്‍ഗണന നല്‍കുകയെന്ന ചിന്താഗതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കൊച്ചിക്കും കേരളത്തിനും ക്ലിയോസ്‌പോര്‍ട്‌സ് നല്‍കുന്നത് വിലപ്പെട്ട സംഭാവനയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

42.195 കി.മീ മാരത്തണ്‍, 21.097 കി.മീ ഹാഫ് മാരത്തണ്‍, 10 കി.മീ റണ്‍, 3 കി.മീ ഗ്രീന്‍ റണ്‍ എന്നീ വിഭാഗങ്ങള്‍ക്കൊപ്പം ഇത്തവണ ഭിന്നശേഷിക്കാര്‍ക്കും ശാരീരിക അവശതകള്‍ നേരിടുന്നവര്‍ക്കും വേണ്ടി സ്‌പെഷ്യല്‍ റണ്‍ കാറ്റഗറി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രക്ഷ സൊസൈറ്റിയുമായി ചേര്‍ന്നാണ് ഒരു കിലോമീറ്റര്‍ സ്പെഷ്യല്‍ റണ്‍ നടക്കുക. ഇന്ത്യന്‍ അത്ലറ്റുകള്‍ക്കൊപ്പം ഇത്തവണ വിദേശ അത്ലറ്റുകളും മാരത്തണില്‍ പങ്കെടുക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് www.kochimarathon.in സന്ദര്‍ശിക്കുക

error: Content is protected !!