

സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനു സർക്കാർ നടപ്പാക്കുന്ന ‘ഡിജി കേരളം’ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ കുടുംബശ്രീ അയൽക്കൂട്ടങ്ങളും 18ന് പ്രത്യേക യോഗം ചേരും. ‘ഡിജി കൂട്ടം’ എന്ന പേരിൽ സ്മാർട്ട് ഫോണുമായാണ് അന്ന് അംഗങ്ങൾ യോഗത്തിന് ചേരുന്നത്. പദ്ധതി കൂടുതൽ ജനകീയമാക്കുന്നതിനും കൂടുതൽ പേരെ പദ്ധതിയുടെ ഭാഗമാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പിൻറെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 18 വരെ സംഘടിപ്പിക്കുന്ന ‘ഡിജി വാരാഘോഷ’ത്തിൻറെ ഭാഗമായാണ് കുടുംബശ്രീയുടെ കീഴിലുളള മൂന്നു ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളിലും പ്രത്യേക യോഗങ്ങൾ സംഘടിപ്പിക്കുന്നത്.
ഡിജി കേരളം പദ്ധതിയുടെ ആദ്യഘട്ടത്തിൽ കുടുംബശ്രീ പ്രവർത്തകർ, എസ്.സി, എസ്.ടി പ്രൊമോട്ടർമാർ, തൊഴിലുറപ്പ് പദ്ധതി മേറ്റുമാർ, വിദ്യാർത്ഥികൾ എന്നിവർക്ക് വീഡിയോ ട്യൂട്ടോറിയൽ വഴി പരിശീലനം നൽകി വിവരശേഖരണം നടത്താനും തുടർന്ന് പ്രത്യേക പരിശീലനം നൽകിയ ഡിജിറ്റൽ വൊളണ്ടിയർമാർ വഴി ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനം നടത്താനുമാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
18ന് ചേരുന്ന പ്രത്യേക അയൽക്കൂട്ടത്തിൽ തങ്ങളുടെ പരിധിയിൽ ഡിജിറ്റൽ സാക്ഷരത ആവശ്യമുള്ളവരുടെ പട്ടിക ഓരോ അയൽക്കൂട്ടവും തയ്യാറാക്കും. കുടുംബശ്രീ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി മുദ്രഗീതവും ഡിജി കേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ വീഡിയോ ട്യൂട്ടോറിയലും എല്ലാ അംഗങ്ങളും കേൾക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. തുടർന്ന് ഡിജിറ്റൽ സാക്ഷരത ആവശ്യമുള്ളവരുടെ വിവരം ഡിജി കേരളം പോർട്ടലിൽ രജിസ്റ്റർ ചെയ്യും. അയൽക്കൂട്ടങ്ങളിലെ 46 ലക്ഷത്തിലേറെ അംഗങ്ങളിലേക്കും പദ്ധതി വിവരങ്ങൾ എത്തിക്കാനാണ് ഡിജി കൂട്ടം ലക്ഷ്യമിടുന്നത്.



