കർഷകരുടെ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് സി പി ഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ. വി വി രാഘവൻ കാർഷിക വികസന സമിതി വടക്കേവയലിൽ നടത്തി വരുന്ന ഏത്തവാഴ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലെത്തിയാൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം നൽകിയാണ് ബി ജെ പി അധികാരത്തിൽ എത്തിയത്. എന്നാൽ അധികാരത്തിൽ എത്തിയ കേന്ദ്ര ഭരണാധികാരികൾ കർഷകരെ ദ്രോഹിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചു വരുന്നത്. പുതുതായി അവതരിപ്പിച്ച ബഡ്ജറ്റിലും കാർഷിക മേഖക്കുള്ള വിഹിതം വെട്ടിക്കുറച്ചു അവരോട് അവഗണനയാണ് കേന്ദ്രം കാട്ടിയിട്ടുള്ളത്. കാർഷിക മേഖലയെ പരിപോഷിപ്പിക്കാതെ ഒരു സമൂഹത്തിന് മുന്നോട്ട് പോകാൻ സാധിക്കുകയില്ല. കാർഷിക മേഖല നിർജ്ജീവമായാൽ ഭക്ഷ്യയോൾപ്പന്നങ്ങളുടെ ഉൽപ്പാദനത്തെ മാത്രമല്ല സാമൂഹ്യ സന്തുലിനാവസ്ഥയെയും അത് കാര്യമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് സുഭിഷ കേരളം പദ്ധതിയുടെ ഭാഗമായാണ് സി പി ഐ ആൽത്തറമൂട് ലോക്കൽ കമ്മിറ്റിയിയുടെ നേതൃത്വത്തിൽ വടക്കേവയൽ ഏലയിൽ 4 ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചത്. ഇത് നൂറു മേനി വിളവായതോടെയാണ് പ്രത്യേക സമിതി രൂപീകരിച്ച് കൃഷി തുടരാൻ പാർട്ടി തീരുമാനിച്ചത്. രണ്ടായിരത്തത്തിലധികം ഏത്ത വാഴകളും, നെല്ലും, ചേനയും, ഇഞ്ചിയും തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്തു വരുന്നത്. അടുത്ത തവണ മുതൽ കടയ്ക്കൽ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുമായി സഹകരിച്ച് കാർഷിക വിളകൾ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി വിപണനം നടത്തുകയാണ് ലക്ഷ്യമെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. യോഗത്തിൽ വി വി രാഘവൻ കാർഷിക വികസന സമിതി പ്രസിഡന്റ് വി ബാബു അധ്യക്ഷനായി. സെക്രട്ടറി എസ് പ്രസേനൻ സ്വാഗതം പറഞ്ഞു. സി പി ഐ മണ്ഡലം സെക്രട്ടറി എസ് ബുഹാരി, ജില്ലാ കൗൺസിൽ അംഗം ജെ സി അനിൽ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി പ്രതാപൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ബി ആദർശ്, സുധിൻ കടയ്ക്കൽ, കെ എം മാധുരി, സി എസ് ശിവദാസ് തുടങ്ങിയവർ സംസാരിച്ചു.