
അങ്കണവാടി പ്രവർത്തകരുടെ വേതനം 1000 രൂപവരെ വർധിപ്പിച്ചു. പത്ത് വർഷത്തിനുമുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം ആയിരം രൂപ വർധിപ്പിച്ചു. മറ്റുവരുടെ വേതനത്തിൽ 500 രൂപ കൂടും. 60,232 പേർക്കാണ് ആനുകൂല്യം ലഭിക്കുക.
നിലവിൽ വർക്കർമാർക്ക് പ്രതിമാസം 12,000 രൂപയും ഹെൽപ്പർമാർക്ക് 8000 രൂപയുമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന് അർഹതയുണ്ടാകും.
രണ്ട് വിഭാഗങ്ങളിലുമായി 44,737 പേർക്ക് വേതനത്തിൽ ആയിരം രൂപ അധികം ലഭിക്കും. 15,495 പേർക്ക് 500 രൂപ വേതന വർധനയുണ്ടാകുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സംസ്ഥാനത്ത് 258 ഐ.സി.ഡി.എസുകളിലായി 33,115 അങ്കണവാടികൾ പ്രവർത്തിക്കുന്നുണ്ട്.



