
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകരെ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനും വോട്ടിംഗ് മെഷിനുകൾ പരിചയപ്പെടുത്തുന്നതിനുമായി വോട്ട് വണ്ടി പര്യടനം തുടങ്ങി. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ‘വോട്ട് വണ്ടി’യുടെ യാത്ര സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ ഫ്ലാഗ് ഓഫ് ചെയ്തു.

വോട്ട് ചെയ്യാൻ ആളുകളെ പ്രേരിപ്പിച്ച് സംസ്ഥാനത്ത് 100 ശതമാനം പോളിങ് ഉറപ്പാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പം ജില്ലകളിലും ക്യാമ്പയിന് തുടക്കമായി.
ഫ്‌ളാഗ് ഓഫ് ചടങ്ങിന്റെ ഭാഗമായി വിദ്യാർഥികളുടെ റോളർ സ്‌കേറ്റിംഗ്, ഫ്‌ളാഷ് മോബ്, ചെണ്ട മേളം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. തിരുവനന്തപുരം കവടിയാറിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം സബ്കളക്ടർ ഡോ. അശ്വതി ശ്രീനിവാസ്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു




