
ഭിന്നശേഷി വിഭാഗക്കാർക്ക് ഏകീകൃത തിരിച്ചറിയൽ രേഖയായ യു.ഡി.ഐഡി കാർഡ് ലഭ്യമാക്കുന്നതിന്റെ രണ്ടാംഘട്ട ക്യാമ്പയിനായ ‘തന്മുദ്ര’ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. തന്മുദ്ര വെബ്‌സൈറ്റിന്റെ പ്രകാശനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. കേരളത്തെ സമ്പൂർണ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുമെന്ന് മന്ത്രി പറഞ്ഞു. സമസ്ത മേഖലകളിലേക്കും ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാൻ ഭിന്നശേഷി വിഭാഗകാർക്ക് കഴിയുന്ന ഒരു പരിഷ്‌കൃത സമൂഹം രൂപീകൃതമാക്കേണ്ടതുണ്ടെന്നു മന്ത്രി പറഞ്ഞു. ഇതു ലക്ഷ്യംവച്ചാണ് സാമൂഹ്യനീതി വകുപ്പ് പ്രവർത്തനങ്ങളും പദ്ധതികളും ആവിഷ്‌കരിക്കുന്നത്. ഭിന്നശേഷി വിഭാഗകാർക്കുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത് സുഗമമാക്കാൻ ഉപകരിക്കുന്നതാണ് യു.ഡി.ഐഡി കാർഡ്. സംസ്ഥാനത്തെ എല്ലാ ഭിന്നശേഷികാർക്കും കാർഡ് ലഭ്യമാക്കുന്നതിനായാണ് ഇത്തരമൊരു ക്യാമ്പയിൻ നടത്തുന്നത്. ഇതിലൂടെ രാജ്യത്ത് യു.ഡി.ഐഡി കാർഡ് രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറണമെന്നും മന്ത്രി പറഞ്ഞു.
എൻ.എസ്.എസ് വൊളന്റിയർമാരുടെ സഹകരണത്തോടെയാണ് കേരള സാമൂഹ്യസുരക്ഷാ മിഷൻ ഭിന്നശേഷിക്കാരുടെ സർവ്വേ വഴി യു.ഡി.ഐഡി സമ്പൂർണ രജിസ്‌ട്രേഷൻ നടത്തുന്നത്. തന്മുദ്ര വെബ്‌സൈറ്റ് വഴി പഞ്ചായത്തുതല ലോഗിനുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള യു.ഡി.ഐ.ഡി അദാലത്തുകൾ, തത്സമയ യു.ഡി.ഐ.ഡി കാർഡ് വിതരണ ക്യാമ്പുകൾ, പൂർണ കിടപ്പുരോഗികളായ ഭിന്നശേഷിക്കാർക്ക് വീട്ടിലെത്തി ഭിന്നശേഷി സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തും.
ചടങ്ങിൽ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ അധ്യക്ഷത വഹിച്ചു. യു.ഡി.ഐഡി നോഡൽ ഓഫീസർമാർ, ജില്ലാ സാമൂഹ്യ നീതി ഓഫീസർമാർ,കേരള സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോർഡിനേറ്റർമാർ, എൻ.എസ്.എസ് ജില്ലാതല വൊളന്റിയർമാർ എന്നിവർക്കുള്ള പരിശീലനവും നടന്നു.



