കൊച്ചി: ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ പങ്കാളിയായി ലോകപ്രശസ്ത വേദനസംഹാര ബ്രാന്‍ഡ് ആയ ടൈഗര്‍ ബാം. സിംഗപ്പൂര്‍ ആസ്ഥാനമായ ഹാവ്പാര്‍ ഹെല്‍ത്ത് കെയറിന്റെ ഉടമസ്ഥതയിലുള്ള ടൈഗര്‍ ബാമിന്റെ ഇന്ത്യയിലെ വിതരണം ഗാര്‍ഡെനിയ കോസ്മോ ട്രേഡ് എല്‍എല്‍പിയ്ക്കാണ്. ഒരു നൂറ്റാണ്ടിലേറെയായി ഇന്ത്യന്‍ വീടുകളില്‍ വേദനശമനത്തിന് വിശ്വസിക്കാവുന്ന പേരാണ് ടൈഗര്‍ ബാം എന്നത്.
അത്ലറ്റുകള്‍ക്ക് വേഗത്തില്‍ വേദന ശമനം ഉറപ്പുവരുത്തുന്ന ടൈഗര്‍ ബാം മുമ്പ് പാരിസ് മാരത്തണ്‍, സിംഗപ്പൂര്‍ മാരത്തണ്‍ തുടങ്ങി നിരവധി മാരത്തണുകളിലും ട്രയത്ലോണുകളിലും സ്പോണ്‍സര്‍മാരായിട്ടുണ്ട്. ഈ സഹകരണത്തിലൂടെ ഓട്ടക്കാര്‍ക്കും ശക്തമായ പിന്തുണയാണ് ടൈഗര്‍ ബാം നല്‍കുന്നതെന്ന് ഗാര്‍ഡെനിയ കോസ്മോ ട്രേഡ് എല്‍എല്‍പിയുടെ പാര്‍ട്ണര്‍ പുനിത് മൊട്ടിയാനി അറിയിച്ചു. ഓട്ടക്കാര്‍ക്കുണ്ടാകുന്ന ഏതൊരു വേദനയും പരിഹരിക്കാന്‍ റണ്ണിംഗ് റൂട്ടില്‍ ടച്ച് പോയിന്റുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മാരത്തണിന് ശേഷമുണ്ടാകുന്ന വേദനകളും അസ്വസ്ഥതകളും പരിഹരിക്കുന്നതിനും പരിചരണത്തിനുമായി പ്രൊഫഷണല്‍ സ്പോര്‍ട്സ് തെറാപ്പിസ്റ്റുകളുടെ റിലീഫ് സോണും സജ്ജമാക്കും.
ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഔദ്യോഗിക വേദനസംഹാര പാര്‍ട്ണര്‍ ആകുന്നതില്‍ തങ്ങള്‍ ആവേശത്തിലാണെന്ന് ടൈഗര്‍ ബാം വക്താവും ഹാവ് പാര്‍ ഹെല്‍ത്ത് കെയര്‍ ജനറല്‍ മാനേജരുമായ കീത്ത് ചുവ അറിയിച്ചു. അസ്വസ്ഥതകള്‍ പരിഹരിക്കാനുള്ള ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിലാണ് ടൈഗര്‍ ബാം എല്ലാക്കാലത്തും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ പങ്കാളിത്തത്തിലൂടെ മാരത്തണിലും അതിന് ശേഷവും വേദനാസംഹാരത്തിനുള്ള ചുമതല തങ്ങളെ ഏല്‍പ്പിച്ച് ഓട്ടക്കാര്‍ക്ക് അവരുടെ പ്രകടനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോള ബ്രാന്‍ഡ് ആയ ടൈഗര്‍ ബാമുമായി സഹകരിക്കുന്നത് മികച്ച അവസരമാണെന്നും നിര്‍ണ്ണായക ഘട്ടങ്ങളില്‍ റണ്ണേഴ്സിന് അതൊരു സഹായമാകുമെന്നും പ്രൊജക്ട് ഹെഡ്ഡ് വിപിന്‍ നമ്പ്യാര്‍ പറഞ്ഞു. മാരത്തണ്‍ കമ്യൂണിറ്റിയിലേക്ക് തങ്ങള്‍ ടൈഗര്‍ ബാമിനെ സ്വാഗതം ചെയ്യുന്നുവെന്നും ഒരു ദീര്‍ഘകാല ബന്ധം തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
മാരത്തണിന്റെ ഭാഗമായി ഫെബ്രുവരി 9,10 തീയ്യതികളില്‍ നടക്കുന്ന എക്സ്പോ വേദിയില്‍ ടൈഗര്‍ ബാം പ്രതിനിധികളുടെ സജീവ സാന്നിധ്യമുണ്ടായിരിക്കുകയും റണ്ണേഴ്സുമായി ഇടപഴകുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യും. ഫെബ്രുവരി 11നാണ് ക്ലിയോ സ്പോര്‍ട്സ് സംഘടിപ്പിക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ 2024 നടക്കുക. മാരത്തണ്‍, ഹാഫ് മാരത്തണ്‍, 10 കിലോമീറ്റര്‍ മാരത്തണ്‍, 3 കിലോമീറ്റര്‍ ഗ്രീന്‍ റണ്‍ എന്നിവയ്ക്ക് പുറമെ ശാരീരിക അവശതകള്‍ നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി സ്‌പെഷ്യല്‍ റണ്ണും നടക്കും. പതിനഞ്ച് ലക്ഷം രൂപയാണ് ഇത്തവണ സമ്മാനം നല്‍കുക. അന്താരാഷ്ട്ര അത്‌ലറ്റുകളടക്കം പതിനായിരം ഓട്ടക്കാരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് ക്ലിയോ സ്പോര്‍ട്സ് ഭാരവാഹികള്‍ അറിയിച്ചു. രജിസ്ട്രേഷനായി www.kochimarathon.in സന്ദര്‍ശിക്കുക.