ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി വാട്സ്ആപ്പ് സേവനങ്ങൾക്ക് തുടക്കമിട്ട് കൊച്ചി മെട്രോ. ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് മുഖാന്തരം ടിക്കറ്റ് എടുക്കാനുള്ള സൗകര്യമാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്. ഇന്ന് മുതൽ വാട്സ്ആപ്പ് ടിക്കറ്റ് ബുക്കിംഗ് ലഭ്യമായി തുടങ്ങും. ഇംഗ്ലീഷിൽ ‘ഹായ്’ എന്ന സന്ദേശം അയച്ച്, സ്റ്റേഷനിൽ എത്തുന്നതിന് മുൻപ് വാട്സ്ആപ്പിലൂടെ ടിക്കറ്റെടുക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതോടെ, ക്യൂ നിന്ന് സമയം കളയാതെ മിനിറ്റുകൾക്കകം ടിക്കറ്റ് എടുക്കാൻ കഴിയുന്നതാണ്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിൽ 10 ശതമാനം ഇളവും ലഭിക്കും.

മെട്രോ യാത്രികർ ഏറെക്കാലമായി ആവശ്യപ്പെടുന്ന വാട്സ്ആപ്പ് ടിക്കറ്റിന്റെ ലോഞ്ചിംഗ് സിനിമാതാരം മിയ ജോർജ് നടത്തി. യാത്രക്കാർക്ക് 9188957488 എന്ന നമ്പർ മുഖാന്തരമാണ് ടിക്കറ്റ് എടുക്കാൻ സാധിക്കുക. ഈ നമ്പർ സേവ് ചെയ്തശേഷം, വാട്സ്ആപ്പിൽ ‘Hi’ എന്ന സന്ദേശം അയക്കേണ്ടതാണ്. മറുപടി സന്ദേശത്തിന്റെ QR ticket- ലും തുടർന്ന് Book ticket എന്ന ഓപ്ഷനിലും ക്ലിക്ക് ചെയ്യുക. യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകൾ, യാത്രികരുടെ എണ്ണം എന്നിവ രേഖപ്പെടുത്തിയ ശേഷം ഇഷ്ടമുള്ള ഓൺലൈൻ സംവിധാനത്തിലൂടെ പണം അടയ്ക്കാവുന്നതാണ്. ടിക്കറ്റിന്റെ ക്യുആർ കോഡ് ഉടൻ തന്നെ മൊബൈലിൽ എത്തും. ബുക്ക് ചെയ്തതിനോടൊപ്പം, ടിക്കറ്റുകൾ ക്യാൻസൽ ചെയ്യാനും കഴിയുന്നതാണ്