സംസ്ഥാന കലോത്സവത്തിന് തിരിതെളിഞ്ഞു. കൊല്ലം ആശ്രാമം മൈതാനത്തെ മുഖ്യവേദിയിൽ മുഖ്യന്ത്രി പിണറായി വിജയൻ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കലോത്സവം കുട്ടികളുടേതാണെന്നും രക്ഷിതാക്കൾ തമ്മിൽ മത്സരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സരങ്ങളിൽ ഇന്ന് പിന്നിലാകുന്നവരാകും നാളെ മുന്നിലാകുന്നത്. അതുകൊണ്ട് പരാജയങ്ങളിൽ തളരാതെ നിരന്തരമായി പ്രവർത്തിച്ചു മുന്നോട്ട് പോകണമെന്ന് അദ്ദേഹം അറിയിച്ചു. ഉദ്ഘാടന പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പോയിന്റ് നേടാനുള്ളൊരു ഉപാധിയല്ല കല. ആ രീതി ഉപേക്ഷിക്കണം. കലാവാസനയുള്ള കുട്ടികൾക്ക് സാംസ്‌കാരിക പരിസ്ഥിതി സൃഷ്ടിക്കണം. കലപ്രവർത്തനം തുടരാൻ സാമ്പത്തികമായി പിന്നോട്ടു നിൽക്കുന്നവരെ മുന്നോട്ട് വരാനായി പ്രോത്സാഹിപ്പിക്കണം. പല കലാരൂപങ്ങളും ഇന്ന് സജീവമായി നിലനിൽക്കുന്നതിൽ സ്‌കൂൾ കലോത്സവങ്ങൾക്ക് വലിയ പങ്കുണ്ട്. ഇത്തവണത്തെ കലോത്സവത്തിന് ഗോത്രകലകൾ അരങ്ങേറുന്നു എന്ന സവിശേഷത കൂടിയുണ്ട്. ഇതിനൊരു തുടക്കമായാണ് ഉദ്ഘാടന ചടങ്ങിൽ തന്നെ മംഗലക്കളി അവതരിപ്പിച്ചത്. അടുത്ത വർഷം മുതൽ ഗോത്രകല ഉൾപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കുഞ്ഞുങ്ങൾ ലഹരികളിൽ അകപ്പെടുന്നതിൽ നിന്ന് സംരക്ഷിക്കണം. അതിനോടൊപ്പം തന്നെ അത്തരത്തിൽ അകപ്പെട്ട് പോയ കുട്ടികളെ പുറത്തുകൊണ്ട് വരണം. മയക്കുമരുന്നിനെതിരായ കലാരൂപങ്ങളുണ്ടാക്കാനും അവതരിപ്പിക്കാനും ശ്രദ്ധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശ്രാമം മൈതാനത്തെ മുഖ്യവേദിയിൽ നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ നേതൃത്വത്തിൽ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടന്നിരുന്നു.
ഇതിന് ശേഷമാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ, കെ ബി ഗണേഷ്‌കുമാർ, ജെ ചിഞ്ചുറാണി എന്നിവരും എൻ കെ പ്രേമചന്ദ്രൻ എംപി, മുകേഷ്, എംഎൽഎ എന്നിവരും പങ്കെടുത്തു. ചലച്ചിത്ര നടി നിഖില വിമൽ ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു.