പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തി ബഹ്റൈൻ. ബില്ലിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകി. ഓരോ തവണയും പ്രവാസികൾ അയയ്ക്കുന്ന ആകെ തുകയ്ക്ക് രണ്ട് ശതമാനം ലെവി ചുമത്തുന്നതാണ് നിയമം. വിഷയം അന്തിമ തീരുമാനത്തിനായി ഉപരിസഭയായ ശൂറ കൗൺസിലിന്റെ പരിഗണനയ്ക്ക് വിട്ടു. ശൂറ കൗൺസിൽ വോട്ട് ചെയ്താൽ നിയമം പ്രാബല്യത്തിൽ വരും.
സ്പീക്കർ അഹമ്മദ് അൽ മുസല്ലം വോട്ടിന് നേതൃത്വം നൽകി. പാർലമെന്റ് അവതരിപ്പിച്ച നിയമനിർമ്മാണം ആറുമാസത്തിനകം തയ്യാറാക്കാൻ സർക്കാർ നിയമപ്രകാരം ബാധ്യസ്ഥരാണ്. ബഹ്റൈൻ സർക്കാർ നിയമത്തിന് എതിരായിരുന്നെങ്കിലും പാർലമെന്റ് അംഗീകാരം നൽകുകയായിരുന്നു. പണമയക്കുന്നതിന് നികുതി ചുമത്തുന്നത് അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് സർക്കാർ അഭിപ്രായപ്പെട്ടത്. പണം കൈമാറ്റം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ് ലെവിയെന്നും സർക്കാർ പറഞ്ഞു.