സങ്കരനേപ്പിയര്‍ തീറ്റപ്പുല്‍ ഇനമായ ‘സുസ്ഥിര’യുടെ വിളവെടുപ്പില്‍ വിജയം കൊയ്ത് പട്ടാഴിഗ്രാമ പഞ്ചായത്ത്.കൊല്ലം കൃഷിവിജ്ഞാനകേന്ദ്രം മുന്‍നിരപ്രദര്‍ശനത്തിന്റെ ഭാഗമായിയാണ് പട്ടാഴിയിലെ യുവകര്‍ഷന്‍ സുജേഷിന്റെ ഒരേക്കറില്‍ പരീക്ഷണകൃഷി നടത്തിയത്.മഴയും, കാര്യമായ നനയും ഇല്ലാതിരുന്നിട്ടും ‘സുസ്ഥിര’ വാട്ടമില്ലാതെ വളര്‍ന്നു .മികച്ച ഉത്പാദന ക്ഷമതയുള്ള സുസ്ഥിര നട്ട് എഴുപതാം ദിവസം വിളവെടുക്കാന്‍ കഴിഞ്ഞു.വിളവെടുത്ത സുസ്ഥിരയും, നടീല്‍ വസ്തുക്കളും, ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് വിതരണം ചെയ്തു.കേരള കാര്‍ഷിക സര്‍വകലാശാലയാണ് വികസിപ്പിച്ചത്.പാലുത്പാദനവും പാലിന്റെ ഗുണനിലവാരവും വര്‍ധിപ്പിക്കാനുള്ള കഴിവ് ഈ തീറ്റപുല്ലിനുണ്ട്.


മൃദുവായ തണ്ടായതിനാല്‍ ‘സുസ്ഥിര’ കാലികള്‍ പൂര്‍ണമായും ഭക്ഷിക്കും. തീറ്റവസ്തുക്കളുടെ ക്ഷാമവും വിലക്കയറ്റവും തളര്‍ത്തുന്ന ക്ഷീരമേഖലയ്ക്ക് വലിയ പ്രതീക്ഷ നല്‍കുകയാണ് ഈ തീറ്റപ്പുല്ല്.കൂടാതെ ഇവയുടെ നടീല്‍തണ്ടുകളുടെ വില്പ്പനസാധ്യത കര്‍ഷകര്‍ക്ക് ഒരു അധികവരുമാനമാര്‍ഗവുമാണ്.തീറ്റപ്പുല്‍ ഉത്പാദനത്തില്‍ ജില്ലയെ സ്വയം പര്യാപ്തമാക്കുകയാണ് സുസ്ഥിരതീറ്റപ്പുല്‍കൃഷിയുടെ ലക്ഷ്യം.നിലവില്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ രണ്ടര ഹെക്ടറില്‍ ഈ തീറ്റപ്പുല്‍ കൃഷി നടപ്പാക്കി വരുന്നു.കൃഷിവിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ എസ് പാര്‍വ്വതി(മൃഗസംരക്ഷണം),സി ആര്‍ നീരജ ( അഗ്രോണമി വിഭാഗം) എന്നിവര്‍ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷീരോത്പാദകസംഘം സെക്രട്ടറി എസ് രേഖകുമാരി, ക്ഷീരകര്‍ഷകര്‍, ക്ഷീരോത്പാദകസംഘം അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.