
ചിത്രകലാ രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ പ്രതിഭകൾക്ക് കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് നൽകുന്ന പരമോന്നത അംഗീകാരമായ 2022ലെ രാജാ രവിവർമ പുരസ്‌കാരം ചിത്രകാരൻ സുരേന്ദ്രൻ നായർക്ക്. ചിത്രകലയുടെ വിവിധ മേഖലകളിൽ നൽകിയ നിസ്തുല സംഭാവനകൾ പരിഗണിച്ചാണ് സുരേന്ദ്രൻ നായരെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാര സമർപ്പണ തീയതി പിന്നീട് പ്രഖ്യാപിക്കും.
എഴുത്തുകാരനും ആർട്ട് ക്യുറേറ്ററുമായ സദാനന്ദ മേനോൻ ചെയർമാനും ചിത്രകലാകാരായ നീലിമ ഷെയ്ഖ്, ഷിബു നടേശൻ, കെ.എം മധുസൂദനൻ, കേരള ലളിത കലാ അക്കാദമി സെക്രട്ടറി എൻ ബാലമുരളീകൃഷ്ണൻ (മെമ്പർ സെക്രട്ടറി) എന്നിവർ അംഗങ്ങളുമായുള്ള പുരസ്‌കാര നിർണയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ദൃശ്യകലയിലെ മികവ്, സ്ഥിരതയാർന്ന സാങ്കേതിക മികവ്, ശ്രദ്ധേയമായ മാനവികത, പ്രതീകാത്മക ഭാഷയുടെ ശക്തമായ പ്രയോഗം എന്നിവ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് ജൂറി അഭിപ്രായപ്പെട്ടു. സമകാലികർക്കിടയിൽ വളരെയധികം സ്വാധീനം ചെലുത്താനും ദേശീയമായും അന്തർദ്ദേശീയമായും അംഗീകരിക്കപ്പെടാനും അദ്ദേഹത്തിന്റെ കലയ്ക്ക് കഴിഞ്ഞുവെന്ന് ജൂറി വിലയിരുത്തി.



