റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള ധീരതയ്ക്കുള്ള അവാര്‍ഡുകളും സേവന മെഡലുകളും പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്താകെ 1,132 പേരാണ് മെഡലുകള്‍ക്ക് അര്‍ഹരായത്. പോലീസ്, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡ്, കറക്ഷണല്‍ സര്‍വീസ്, അഗ്‌നിശമന സേന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സേവന മെഡലുകള്‍ നേടിയതെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് ലഭിച്ചത്. സ്തുത്യര്‍ഹ സേവനത്തിനുള്ള 753 മെഡലുകളില്‍ 667 എണ്ണം പോലീസ് സേവനത്തിനും 32 എണ്ണം അഗ്‌നിശമന സേനയ്ക്കും 27 എണ്ണം സിവില്‍ ഡിഫന്‍സ് ഹോം ഗാര്‍ഡ് സര്‍വീസിനും 27 എണ്ണം കറക്ഷണല്‍ സര്‍വീസിനും ലഭിച്ചു.
ആകെ ലഭിച്ച 277 ധീര മെഡലുകളില്‍, ജമ്മു കശ്മീര്‍ പോലീസ് സേനയില്‍ നിന്ന് 72 പേര്‍ക്ക്, മഹാരാഷ്ട്ര പോലീസില്‍ നിന്ന് 18, ഛത്തീസ്ഗഢ് പോലീസില്‍ നിന്ന് 26, ഝാര്‍ഖണ്ഡ് പോലീസില്‍ നിന്ന് 23, ഒഡീഷ പോലീസില്‍ നിന്ന് 15, ഡല്‍ഹി പോലീസില്‍ നിന്ന് 8, സിആര്‍പിഎഫില്‍ നിന്ന് 65, എസ്എസ്ബിയില്‍ നിന്ന് 21 പേര്‍ക്ക്, രണ്ട് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ലഭിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (MONUSCO) യുഎന്‍ ഓര്‍ഗനൈസേഷന്‍ സ്റ്റെബിലൈസേഷന്‍ മിഷന്റെ ഭാഗമായി സമാധാന പരിപാലനം എന്ന അഭിമാനകരമായ ദൗത്യത്തില്‍ മികച്ച സംഭാവന നല്‍കിയതിനാണ് രണ്ട് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചത്.
വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് മെഡല്‍ ലഭിച്ചു. എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവിനും എഡിജിപി ഗോപേഷ് അഗ്രവാളിനുമാണ് മെഡല്‍ ലഭിച്ചത്. സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡല്‍ കേരളത്തില്‍ നിന്ന് 11 പേര്‍ക്ക് മെഡല്‍ ലഭിച്ചിട്ടുണ്ട്.