
കൊല്ലം: കൊല്ലത്ത് കലോത്സവ മാമാങ്കത്തിന് കൊടിയേറിയപ്പോൾ വേദികളിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങളാണ് വേദി കീഴടക്കാൻ എത്തുക. ആദ്യ ദിനത്തിൽ തന്നെ വലിയ രീതിയിലുള്ള ജനപങ്കാളിത്തമാണ് ഉണ്ടായത്. രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങൾ കൂടി എത്തുന്നതോടെ മത്സരവീര്യവും, ജനപങ്കാളിത്തവും കൂടുമെന്നുറപ്പാണ്. ഹൈസ്കൂൾ വിഭാഗം ഒപ്പനയും, നാടോടി നൃത്തവും ഇന്ന് അരങ്ങേറും.
കാര്യമായ പരാതികൾ ഒന്നും തന്നെയില്ലാതെ കലോത്സവത്തിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ, കോഴിക്കോടും തൃശ്ശൂരും ഒപ്പത്തിനൊപ്പമാണ് ഉള്ളത്. ആദ്യ ദിനത്തിൽ 142 പോയിന്റാണ് ഇരു ജില്ലകളും കരസ്ഥമാക്കിയത്. 137 പോയിന്റോടെ കണ്ണൂരും തൊട്ടുപിന്നിലുണ്ട്. കൊല്ലം 134, പാലക്കാട് 131, മലപ്പുറം 130 എന്നിങ്ങനെയാണ് പോയിന്റ് നില. കലോത്സവ നഗരിയിൽ വിദ്യാർത്ഥികൾക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊല്ലം ആശ്രാമം മൈതാനമാണ് പ്രധാന വേദി.




