
നീതി ആയോഗ് ഉപാധ്യക്ഷൻ സുമൻ കുമാർ ബെറി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക ശാക്തീകരണം രാജ്യപുരോഗതിയിൽ പ്രധാനപ്പെട്ടതാണെന്ന് ഉപാധ്യക്ഷൻ പറഞ്ഞു.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെക്കുറിച്ചു കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വിശദീകരിച്ചു. പശ്ചാത്തല വികസന മേഖലയിൽ രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിലൊന്നാണു കേരളമെന്നും ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി തുടങ്ങിയ വൻകിട പദ്ധതികൾ യാഥാർഥ്യമാക്കുന്നതിലും ലോകനിലവാരമുള്ള ഗതാഗത പദ്ധതികൾ നടപ്പാക്കന്നതിലും വലിയ തോതിൽ മുന്നോട്ടു പോകാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യംവച്ചു 2016ൽ കിഫ്ബി മുഖേന വൻകിട വികസന പദ്ധതികൾ യാഥാർഥ്യമാക്കുകയാണ്. ഇതിന്റെ പേരിൽ 2021 മുതൽ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ കുറവു വരുത്തിയിരിക്കുകയാണ്. സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിലും തടസമുണ്ടാകുന്നു. ഇത് സംസ്ഥാനത്തു സാമ്പത്തിക ഞെരുക്കമുണ്ടാക്കുന്നതായും ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങളുടെ സാമൂഹിക, സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു സഹായം നൽകുക എന്ന ലക്ഷ്യത്തോടെ നീതി ആയോഗ് ആരംഭിച്ചിട്ടുള്ള സ്റ്റേറ്റ് സപ്പോർട്ട് മിഷൻ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഏറെ സഹായകമാകുമെന്ന് ഉപാധ്യക്ഷൻ പറഞ്ഞു. ഓരോ സംസ്ഥാനങ്ങളിലെയും വികസനത്തിനു നേതൃത്വം നൽകുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റിയൂഷൻ ഫോർ ട്രാൻസ്ഫോർമേഷൻ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനു താത്പര്യമുള്ള സംസ്ഥാനങ്ങൾക്ക് നീതി ആയോഗ് പിന്തുണ നൽകും. ഓരോ സംസ്ഥാനങ്ങളുടേയും പ്രത്യേകമായ ആവശ്യങ്ങൾ മുൻനിർത്തിയുള്ള ഇടപെടലുകളാണ് പ്രത്യേക ഇടപെടലുകളാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്.
സുസ്ഥിര വികസനത്തിന്റെ കേരള മോഡൽ ലോകമാകെ അംഗീകരിക്കപ്പെട്ടതും മാതൃകയാക്കുന്നതുമാണെന്നും ഉപാധ്യക്ഷൻ ചൂണ്ടിക്കാട്ടി. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം നടത്തിയ സംസ്ഥാനമാണു കേരളം. യുവതലമുറയുടേയും വയോജനങ്ങളുടേയും ക്ഷേമം ഒരേപോലെ ഉറപ്പാക്കേണ്ട വെല്ലുവിളിയാണ് ഇപ്പോൾ കേരളം നിർവഹിച്ചുവരുന്നത്. സാമൂഹിക, പശ്ചാത്തല വികസന മേഖലകളിൽ കേരളം നടത്തുന്ന ഇടപെടലുകളും നടപ്പാക്കുന്ന നൂതന പദ്ധതികളും മാതൃകാപരമാണ്. കിഫ്ബിയുടെ പണസമാഹരണവുമായി ബന്ധപ്പെട്ട് ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങൾ സർക്കാരിന്റെ നയപരമായ വിഷയങ്ങളാണ്. ഇക്കാര്യത്തിൽ നീതി ആയോഗിന്റെ തലത്തിൽനിന്നു നടത്താൻ കഴിയുന്ന പരിശോധന നടത്തും. സാമ്പത്തിക, ആസൂത്രണ മേഖലയിൽ കേരളം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ പതിനാറാം ധനകാര്യ കമ്മിഷന്റെ ശ്രദ്ധയിൽ കൊണ്ടുവരണം. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നികുതി, വരുമാനങ്ങളുടെ വിഭജനവും വിനിയോഗവും സംബന്ധിച്ച പരിഗണനാ വിഷയങ്ങളിന്മേലുള്ള കേരളം അടക്കുമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന കൂടിക്കാഴ്ചയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്ഥാന പ്ലാനിങ് ബോർഡ് ഉപാധ്യക്ഷൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാം, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബിന്ദ്രകുമാർ അഗർവാൾ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല തുടങ്ങിയവരും പങ്കെടുത്തു.



