എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജിൽ ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടനും തിരഞ്ഞെടുപ്പ് വകുപ്പിന്റെ സ്വീപ് ഐക്കണുമായ ടൊവിനോ തോമസ് നിർവഹിച്ചു. തെരഞ്ഞെടുപ്പുകളിൽ വിവേകപൂർവ്വം വോട്ടവകാശം വിനിയോഗിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ഭാവി സുരക്ഷിതമാക്കുന്നതിനുമുള്ള സുവർണ്ണാവസരം ആണെന്ന് ടൊവിനോ തോമസ് അഭിപ്രായപ്പെട്ടു. രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യത ഉറപ്പുവരുത്തുന്ന ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് വോട്ടിംഗിലൂടെ സാധ്യമാകുന്നത്. വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും കടമയാണ്. വോട്ട് ചെയ്യാതിരിക്കുന്നത് നമ്മെ മാത്രമല്ല നമുക്ക് ചുറ്റുമുള്ളവരെയും ബാധിക്കും. ജനാധിപത്യം കാത്തുസൂക്ഷിക്കാൻ കഴിയുന്ന നമ്മെ നയിക്കാൻ കഴിയുന്ന വ്യക്തിക്കായിരിക്കും എന്റെ വോട്ട്. വോട്ടവകാശം ലഭിച്ച ശേഷം വോട്ട് ചെയ്യാനുള്ള അവസരം ഒരിക്കലും നഷ്ടപ്പെടുത്തിയിട്ടില്ലെന്നും യുവാക്കളടക്കം എല്ലാവരും വോട്ട് ചെയ്യണമെന്നും ടോവിനോ അഭ്യർത്ഥിച്ചു.

വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനാണ് ദേശീയ സമ്മതിദാന ദിനം ആഘോഷിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. യുവാക്കളുടെ വോട്ടിംഗ് ശതമാനം കുറവാണെന്നത് വലിയ വെല്ലുവിളിയാണ്. 35 വയസിൽ താഴെയുള്ളവരാണ് രാജ്യത്തെ ജനസംഖ്യയുടെ 60-65%. ജനാധിപത്യത്തിന്റെ ഭാവി യുവാക്കളുടെ കൈകളിലാണ്. അതിനാൽ ആഗോള തലത്തിൽ സൂപ്പർ പവറായി രാജ്യം വളരുമ്പോൾ നാടിനെ നയിക്കേണ്ട യുവാക്കൾ വോട്ട് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കരുതെന്നും വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

ചടങ്ങിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന്റെ ദേശീയ സമ്മതിദാന സന്ദേശ വീഡിയോ പ്രദർശിപ്പിച്ചു. ടൊവീനോ തോമസ് ദേശീയ സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മികച്ച ജില്ലാ ഇലക്ഷൻ ഓഫീസർമാർക്കുള്ള പുരസ്‌കാരം ചടങ്ങിൽ വിതരണം ചെയ്തു. തൃശ്ശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജ, മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദ്, കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്.

പുതിയ വോട്ടർമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് നിർവഹിച്ചു. വോട്ടിന്റെ പ്രാധാന്യം യുവാക്കളിലേക്ക് എത്തിക്കുന്നതിനായി സംഘടിപ്പിച്ച അത്തപ്പൂക്കള മത്സരം, ക്വിസ് മത്സരം എന്നിവയ്ക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.