സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾക്ക് എൻ.എ.ബി.എച്ച്. എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരളത്തിലെ എല്ലാ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെയും നാല് ഘട്ടങ്ങളായി എൻ.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നു. ഒന്നാം ഘട്ടത്തിലെ സ്ഥാപനങ്ങളിലെ പ്രാരംഭ നടപടികൾ 2023 ഏപ്രിലിൽ ആരംഭിക്കുകയും, 90 ദിവസം കൊണ്ട് ദൗത്യം പൂർത്തിയാക്കി എൻ.എ.ബി.എച്ച്.ലേക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തു എന്നത് കേരളത്തിലെ സർക്കാർ ആരോഗ്യ മേഖലയിലെത്തന്നെ ഒരു നാഴികക്കല്ലാണ്. ഇതേതുടർന്ന് രണ്ടാം ഘട്ടത്തിലെ തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് സ്ഥാപനങ്ങൾക്ക് ഈ വർഷം മാർച്ച് മാസത്തോടെ ഈ അംഗീകാരം നേടിയെടുക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സർക്കാർ ആയുഷ് ചികിത്സാ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ഈ സർക്കാരിന്റെ പ്രഖ്യാപിത നിലപാടിൽ ഉറച്ച ഒരു കർമ്മ പദ്ധതി രൂപീകരിക്കുകയും അത് സമയബന്ധിതമായി നടപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യ പടിയാണ് ഈ അംഗീകാരം. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും വകുപ്പുതല ജില്ലാ ക്വാളിറ്റി ടീമുകൾ രൂപികരിച്ചു. ഓരോ ജില്ലയിലും ജില്ലാതല നോഡൽ ഓഫീസർമാരെയും ഫെസിലിറ്റേറ്റേഴ്സിനെയും നിയോഗിച്ചാണ് എൻ.എ.ബി.എച്ച്. പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. വിപുലമായ ഗ്യാപ്പ് അനാലിസിസ് നടത്തി എല്ലാ സ്ഥാപനങ്ങളിലും മികച്ച സൗകര്യങ്ങളൊരുക്കി അവശ്യമായ മുഴുവൻ ബയോമെഡിക്കൽ ഉപകരണങ്ങളുടെയും ലബോറട്ടറി ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കി.

മാനദണ്ഡങ്ങൾ പാലിച്ചുള്ള മികച്ച സൗകര്യങ്ങളൊരുക്കിയതാണ് ഒന്നാം ഘട്ടം വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചത്. രണ്ടാംഘട്ടത്തിന്റെ പ്രവർത്തനങ്ങൾ 2023 ഡിസംബറിൽ തന്നെ ആരംഭിച്ചിട്ടുണ്ട്. വരുന്ന മാർച്ച് മാസം രണ്ടാം ഘട്ടത്തിലുള്ള സ്ഥാപനങ്ങളുടെ സർട്ടിഫിക്കേഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ ആയുഷ് സ്ഥാപനങ്ങളും എൻ.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് 600 ആയുഷ്  

ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. എന്നാൽ ഈ കേന്ദ്രങ്ങളുടെ പ്രവർത്തന മികവും പദ്ധതി നിർവഹണമേന്മയും കണക്കിലെടുത്ത് പുതുതായി 100 കേന്ദ്രങ്ങൾ കൂടി ഇപ്പോൾ അനുവദിച്ചിട്ടുണ്ട്.

എൻ.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ ഡോക്യുമെന്റേഷനായി രൂപീകരിച്ച ഡോക്യുമെന്റേഷൻ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ രാജ്യത്താദ്യമായി തയ്യാറാക്കിയ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾക്കായുള്ള എൻ.എ.ബി.എച്ച്. എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ഇംപ്ലിമെന്റേഷൻ കൈപ്പുസ്തകത്തിന്റെ പ്രകാശനം മന്ത്രി നിർവഹിച്ചു.