ജനാധിപത്യത്തിലെ നാലാം തൂൺ എന്ന നിലയിൽ സത്യം തുറന്നു കാട്ടാനുള്ള ബാധ്യത നിറവേറ്റണ്ടവരാണ് മാധ്യമങ്ങളെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ ജേണലിസം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായുള്ള ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പ്രത്യേക കാലഘട്ടം വരെ ഇന്ത്യൻ മാധ്യമങ്ങൾക്ക് ഈ ദൗത്യം നിർവഹിക്കാൻ കഴിഞ്ഞു. എന്നാൽ കോർപ്പറേറ്റ് കാലത്ത് ഉടമയുടെ താൽപ്പര്യങ്ങൾക്ക് മാധ്യമ പ്രവർത്തനം വഴിമാറിയിരിക്കുകയാണ്. ബേക്കിംഗിനു വേണ്ടി നുണ പ്രചരിപ്പിക്കുന്നവർ അങ്ങനെ ലഭിക്കുന്ന ശ്രദ്ധ താൽക്കാലികമാണെന്ന് തിരിച്ചറിയണം.
സത്യം പറയാൻ ശ്രമിക്കുകയെന്നതാണ് മാധ്യമ വിദ്യാർത്ഥികളോട് പറയാനുള്ളത്. നിയമനിർമാണ സഭ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുന്ന ജനാധിപത്യ വേദിയാണ്. അത് കൊണ്ട് തന്നെ സഭ നടപടികൾ കൃത്യമായി നിരീക്ഷിക്കാനും പഠിക്കാനും മാധ്യമ വിദ്യാർത്ഥികൾ തയാറാകണം. ലൈബ്രറി സംവിധാനങ്ങളടക്കം ഉപയോഗിക്കുന്നതിനുള്ള സൗകര്യം നിയമസഭയിൽ നിലവിലുണ്ട്. മാധ്യമ പ്രവർത്തന സ്വാതന്ത്ര്യത്തിൽ 161-ാം റാങ്കിലാണ് ഇന്ത്യ. എന്നാൽ കേരള നിയമസഭ എല്ലാക്കാലത്തും മാധ്യമ സൗഹൃദമായാണ് ഇടപെട്ടിട്ടുള്ളത്. മാധ്യമ വിദ്യാർത്ഥികളെന്ന നിലയിൽ നേരിട്ട് നിയമസഭ സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കാനുള്ള പരിശീലന പരിപാടി മാധ്യമ പ്രവർത്തന ജീവിതത്തിന് മുതൽക്കൂട്ടാകട്ടെയെന്നും സ്പീക്കർ ആശംസിച്ചു. ചടങ്ങിൽ നിയമസഭ സെക്രട്ടറി ഇൻ ചാർജ് ഷാജി സി. ബേബി അദ്ധ്യക്ഷത വഹിച്ചു.