
സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ്. കെവൈസി പുതുക്കാനെന്ന വ്യാജേന ഫോണിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തത മലപ്പുറം തിരൂർ സ്വദേശിയ്ക്ക് നഷ്ടമായത് 2,71,000 രൂപയാണ്. സംഭവത്തെ തുടർന്ന് മലപ്പുറം സ്വദേശി നൽകിയ പരാതി ഒരു മണിക്കൂറിനുള്ളിൽ പരിഹരിച്ചിരിക്കുകയാണ് പോലീസ്
ജനുവരി ആറിന് രാവിലെയാണ് പണം നഷ്ടപ്പെട്ടത്. 10.13 ന് സൈബർ ഹെൽപ്പ്‌ലൈൻ നമ്പറിൽ പരാതി ലഭിച്ചു. സൈബർ ഓപ്പറേഷൻ വിഭാഗം ഉടനടി നടത്തിയ അന്വേഷണത്തിൽ 11.09 ന് പണം തിരിച്ചുപിടിക്കാൻ സാധിച്ചു. തട്ടിപ്പുകാരെ കണ്ടെത്താൻ സൈബർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
നിരന്തരമായ ബോധവൽക്കരണത്തിനു ശേഷവും ഓൺലൈൻ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുകയാണെന്ന് പോലീസ് അറിയിച്ചു. എസ്എംഎസ് ആയോ ഇ-മെയിലിലൂടെയോ വാട്ട്‌സ് ആപ്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം തുടങ്ങിയവ വഴിയോ ലഭിക്കുന്ന ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങൾക്ക് ഒരു കാരണവശാലും മറുപടി നൽകാനോ അതിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ പാടില്ല. ഇത്തരം സന്ദേശങ്ങളിൽ ഏതെങ്കിലും ഫിഷിംഗ് സൈറ്റിലേയ്ക്ക് നയിക്കുന്ന ലിങ്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ടാവും. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതു വഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ തട്ടിപ്പുകാർ കൈക്കലാക്കുന്നുവെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് ഒരിക്കലും പ്രതികരിക്കരുത്. ബാങ്കുകൾ ഒരിക്കലും നിങ്ങളുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടില്ല. തട്ടിപ്പിനിരയായാൽ രണ്ടുമണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കുക. www cybercrime gov in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.




