
തൊടുപുഴ: പതിമൂന്ന് പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടി കർഷകർക്ക് സഹായവുമായി നിരവധി പ്രമുഖർ എത്തി. ഇപ്പോൾ കുട്ടികൾക്ക് സാന്ത്വനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി രംഗത്തെത്തിയിരിക്കുകയാണ്. കുടുംബത്തിന് പത്ത് പശുക്കളെ വാങ്ങാനുള്ള തുക അദ്ദേഹം കൈമാറി.
ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് 17ഉം 15ഉം വയസുകാരായ ജോർജിന്റെയും മാത്യുവിന്റെയും 13 പശുക്കൾ ചത്തത്. അഞ്ച് പശുക്കളുടെ നില ഗുരുതമായി തുടരുകയാണ്. മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞതിന് പിന്നാലെയാണ് യൂസഫലിയുടെ ഇടപെടല്‍.പത്ത് പശുക്കളെ വാങ്ങാനുള്ള അഞ്ച് ലക്ഷം രൂപ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് പ്രതിനിധികളായ രജിത് രാധാകൃഷ്ണന്‍, വി ആർ പീതാംബരന്‍, എൻ ബി സ്വരാജ് എന്നിവര്‍ വീട്ടിലെത്തി കൈമാറി.
നടൻ ജയറാമാണ് കുട്ടികൾക്ക് സഹായവുമായി ആദ്യം എത്തിയത്. പൃഥ്വിരാജ്, മമ്മൂട്ടി എന്നിവരും കുട്ടികൾക്ക് സഹായം നൽകി. കപ്പതൊണ്ട് കഴിച്ചതാണ് പശുക്കളുടെ മരണത്തിന് കാരണമെന്നാണ് സംശയം. മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച കുട്ടിയാണ് മാത്യു.




