
സംസ്ഥാനത്ത് പാലിയേറ്റീവ് പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജനുവരി 15 മുതൽ 21 വരെ സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്യാമ്പയിന്റെ ഭാഗമാകാൻ കുടുംബശ്രീയും. ‘ഞാനുമുണ്ട് പരിചരണത്തിന്’ എന്നതാണ് ഈ വർഷത്തെ പാലിയേറ്റീവ് ദിനാചരണ സന്ദേശം. കിടപ്പുരോഗികൾക്കും കുടുംബത്തിനും ആശ്വാസമേകാൻ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി 21ന് സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള മൂന്നു ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളിൽ പാലിയേറ്റീവ് കെയർ വിഷയം ചർച്ച ചെയ്യുന്നതിനു വേണ്ടി പ്രത്യേക യോഗം സംഘടിപ്പിക്കും.
ക്യാമ്പയിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപന പരിധിയിലുമുള്ള കിടപ്പുരോഗികൾക്ക് ആവശ്യമായ പരിചരണവും മറ്റു പിന്തുണകളും ഉറപ്പു വരുത്താൻ വിവിധ വകുപ്പുകളുമായി ചേർന്നു പ്രവർത്തിക്കുകയാണ് കുടുംബശ്രീയുടെ ചുമതല. ഇതിനായി അയൽക്കൂട്ടങ്ങളിലെ മൂന്നു ലക്ഷത്തിലേറെ വരുന്ന സാമൂഹ്യ വികസന ഉപസമിതി കൺവീനർമാർ പാലിയേറ്റീവ് കെയർ രംഗത്ത് സജീവമാകും. ഇവർ മുഖേന ഓരോ അയൽക്കൂട്ട പരിധിയിലും പാലിയേറ്റീവ് കെയർ ആവശ്യമുള്ള മുഴുവൻ രോഗികളുടെയും രജിസ്‌ട്രേഷൻ ഉറപ്പു വരുത്തും. കൂടാതെ ആശാ വർക്കർമാരും പാലിയേറ്റീവ് കെയർ യൂണിറ്റുമായി ബന്ധപ്പെട്ട് പരിചരണം ആവശ്യമായ എല്ലാ കിടപ്പുരോഗികൾക്കും പരിചരണം ലഭ്യമാക്കും. ഇതിനായി കിടപ്പുരോഗികളെ അതത് പ്രദേശത്തെ സന്നദ്ധ പ്രവർത്തകരുമായി ബന്ധപ്പെടുത്തും.
കിടപ്പു രോഗികൾ ഉളളതിനാൽ തൊഴിൽ ചെയ്യുന്നതിനായി പുറത്തു പോകാൻ കഴിയാത്തവരും സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവരുമായ അനേകം നിർദ്ധന കുടുംബങ്ങൾക്കും പദ്ധതി ആശ്വാസമേകും. ഇതിനായി തൊഴിൽപരമായി പുനരധിവസിപ്പിക്കാൻ കഴിയുന്ന രോഗികളെ പ്രത്യേകം രജിസ്റ്റർ ചെയ്യും. പരിചരണസേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനു വേണ്ടി ആഴ്ച തോറും ഭവന സന്ദർശനവും നടത്തും. ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളുമായും നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വിഭാഗം, ഹോമിയോപ്പതി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, പാലിയേറ്റീവ് കെയർ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ എന്നിവയ്ക്കും ഒപ്പമായിരിക്കും കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ.




