
കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ (കീം) ഈ അധ്യയന വർഷം മുതൽ ഓൺലൈനായി നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഇതിന് അനുമതി നൽകിയ ഉത്തരവിന് മന്ത്രിസഭായോഗം സാധൂകരണം നൽകിയതായി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പരീക്ഷ സമയബന്ധിതമായും കൂടുതൽ കാര്യക്ഷമമായും നടത്താനാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
ചോദ്യങ്ങൾ സജ്ജീകരിക്കൽ, അച്ചടി, ഗതാഗതം, ഒഎംആർ അടയാളപ്പെടുത്തൽ, മൂല്യനിർണ്ണയം എന്നിവ ഉൾപ്പെടുന്ന നിലവിലെ പരീക്ഷാ നടത്തിപ്പ് ബുദ്ധിമുട്ടുകൾ പരിഗണിച്ച് പരീക്ഷ ഓൺലൈനായി നടത്താനുള്ള നിർദ്ദേശം പ്രവേശന പരീക്ഷാ കമ്മീഷണർ സർക്കാരിന്റെ പരിഗണനക്ക് സമർപ്പിച്ചിരുന്നു. എൻജിനീയറിങ് വിദ്യാഭ്യാസത്തിനു പ്രസക്തമായ പൊതുവായതും വിഷയാധിഷ്ഠിത കഴിവുകൾ പരിശോധിക്കുന്നതുമായ ഒറ്റപ്പേപ്പര് ഉണ്ടാകുക, പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത (സി.ബി.ടി) ടെസ്റ്റ് ആയി നടത്തുക തുടങ്ങിയവയായിരുന്നു പ്രധാന നിർദ്ദേശങ്ങൾ. കാര്യക്ഷമത, വഴക്കം, കുറഞ്ഞ പേപ്പർ ഉപഭോഗം, കാര്യക്ഷമമായ മൂല്യനിർണ്ണയം, വേഗത്തിലുള്ള ഫല പ്രോസസിങ് എന്നിവയുൾപ്പെടെ നേട്ടങ്ങൾ സി.ബി.ടി മോഡിനുള്ളതായും ശുപാർശ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ ശുപാർശകൾ പരിഗണിച്ച് പ്രൊഫഷണൽ ബിരുദ കോഴ്സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷ ഓൺലൈനായി നടത്താൻ അനുമതി നൽകി പുറപ്പെടുവിച്ച ഉത്തരവാണ് മന്ത്രിസഭായോഗം സാധൂകരിച്ചതെന്നും മന്ത്രി അറിയിച്ചു




