
62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങി. കണ്ണൂരിന്റെ 23 വർഷത്തിന് ശേഷമുള്ള ഒന്നാം സ്ഥാനം എന്ന നേട്ടത്തോടെയാണ് കലോത്സവത്തിന് കൊട്ടിക്കലാശമാകുന്നത്. കഴിഞ്ഞ വർഷത്തെ ജേതാക്കളായ കോഴിക്കോടിനെ മൂന്ന് പോയിന്റിന് പിന്നിലാക്കി ഒന്നാം സ്ഥാനം നേടിയ കണ്ണൂരിന് മന്ത്രി വി ശിവൻ കുട്ടി കപ്പ് കൈമാറി.

മുഖ്യാതിഥിയായെത്തിയ നടൻ മമ്മൂട്ടിയുടെ സാന്നിദ്ധ്യത്തിലാണ് കുട്ടികൾക്ക് സമ്മാനങ്ങൾ കൈമാറിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

പരാജയങ്ങൾ കലയെ ബാധിക്കരുതെന്ന് മുഖ്യാതിഥിയായെത്തിയ മമ്മൂട്ടി പറഞ്ഞു. മത്സരത്തിൽ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും കലാലോകത്തിൽ ഒരുപോലെ അവസരങ്ങളുണ്ട്. കലകൾക്ക് കേരളത്തിൽ വിവേചനമില്ല. ഇത്തരത്തിൽ വിവേചനമോ വേർതിരിവോ ഇല്ലാതെ കലകൾ അവതരിപ്പിക്കപ്പെടുന്നത് യുവജനോത്സവങ്ങളിലായിരിക്കുമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

‘ഒരു യൂണിവേഴ്സിറ്റി കലോത്സവത്തിൽ പോലും പങ്കെടുക്കാൻ സാധിക്കാതിരുന്നയാളാണ് ഞാൻ. മത്സരങ്ങളിൽ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും കലാരംഗത്ത് അവസരങ്ങൾ ഒരുപാടാണ്’ – മമ്മൂട്ടിയുടെ വാക്കുകൾ.

കലോത്സവത്തിലെ പരാതികൾ കുറയ്ക്കാൻ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. കലോത്സവത്തെ കൊല്ലം ഹൃദയത്തിലേക്കാണ് ഏറ്റുവാങ്ങിയത്. കലോത്സവങ്ങളിൽ പങ്കെടുത്തിരുന്ന വിദ്യാർത്ഥിയായിരുന്നു താനും. സമ്മാനം കിട്ടി സന്തോഷത്തോടെയും കിട്ടാതെ സങ്കടത്തോടെയും മടങ്ങിയ അനുഭവമുണ്ട്. കുഞ്ഞുങ്ങളുടെയും രക്ഷകർത്താക്കളുടെയും കണ്ണീര് വീഴാതെ പരാതികൾ ഇല്ലാതെ കുറച്ച് കൂടി കൃത്യമായി ഭംഗിയായി വരും വർഷങ്ങളിൽ കലോത്സവം നടപ്പിലാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

എല്ലാവരുടെയും കൂട്ടായ്മയായി കലോത്സവത്തെ മിക്കച്ച വിജയമാക്കിയ എല്ലാവർക്കും ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ നന്ദി അറിയിച്ചു. അടുത്ത വർഷം പുതിയ മാനുവലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉറപ്പ് നൽകി.

കലോത്സവം കഴിഞ്ഞ് മടങ്ങുമ്പോൾ ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ കുട്ടിക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. 50000 രൂപയാണ് ധനസഹായമായി സർക്കാർ പ്രഖ്യാപിച്ചത്.






