
ഉന്നതവിദ്യാഭ്യാസത്തിലും തൊഴിൽ പരിശീലനത്തിലും ഓസ്ട്രേലിയ കേരളവുമായി ദീർഘകാല ബന്ധം ആഗ്രഹിക്കുന്നതായി ഇന്ത്യ ആസ്ട്രേലിയ റിലേഷൻസ് സിഇഒ ടിം തോമസ് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിനെ അറിയിച്ചു. മന്ത്രിയുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിലെ നൈപുണ്യതയാർന്ന വിഭവശേഷിയെ അദ്ദേഹം അഭിനന്ദിച്ചു. കേരളത്തിലേത് മികച്ച തൊഴിലിടങ്ങളാണെന്ന് ടിം തോമസ് അഭിപ്രായപ്പെട്ടതായി മന്ത്രി പറഞ്ഞു.
ആയുർവേദം, ഓട്ടോമോട്ടീവ്, ഫുഡ് പ്രോസസിംഗ്, സൈബർ സെക്യൂരിറ്റി, എന്നീ മേഖലകളിൽ കേരള യുവത്വത്തിന് കൂടുതൽ തൊഴിലുകൾ ഉറപ്പാക്കാനും ഈ മേഖലകളിലെ പരിശീലനത്തിന് യോജിച്ചു പ്രവർത്തിക്കാനും സന്നദ്ധത അറിയിച്ചതായും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
അസാപ് കേരള സി.എം.ഡി ഡോ ഉഷ ടൈറ്റസ് സംബന്ധിച്ചു. ഇന്ത്യ ആസ്ട്രേലിയ റിലേഷൻസ് സി ഇ ഒ യുടെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്.




