തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്രത്തെ സംരക്ഷിക്കാൻ വലിയൊരു ജനകീയ പ്രസ്ഥാനം ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും ഭേദചിന്താഗതികൾക്കും വെറുപ്പിന്റെ ആശയങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ പുതിയൊരു സമരമുഖം തുറക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശാസ്ത്രത്തെ സംരക്ഷിക്കാനുള്ള സമരങ്ങൾക്കും ബോധവത്കരണത്തിനും വേണ്ട അധികാരം ഭരണഘടന ഓരോ ഇന്ത്യൻ പൗരനും നൽകുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആ ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നതാണ് യഥാർഥ രാജ്യസ്‌നേഹികൾ ചെയ്യേണ്ടത്. ശാസ്ത്രബുദ്ധി വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണു ഭരണഘടനയുടെ 51-ാം വകുപ്പ് പറയുന്നത്. എന്നാൽ ആ ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവരിൽ ചിലർ തന്നെ ശാസ്ത്രബുദ്ധി തകർക്കുന്ന യുക്തിരഹിതമായ പ്രസ്താവനകൾ നടത്തുന്നു. ഇത്തരത്തിലുള്ള ഒട്ടേറെ അസംബന്ധങ്ങൾ പ്രചരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് കേരളം ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയാണ്. അതിന്റെ ഉത്തമ ദൃഷ്ടാന്തമാണു ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ. കേരളത്തിന്റെ ഓരോ കോണിലും ശാസ്ത്ര പ്രചാരണ സംവിധാനങ്ങൾ നിലവിൽ വരുത്തുക, അവയെല്ലാം പൊതുസമൂഹത്തിന് ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിൽ വളർത്തുക എന്നിവയാണു സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.

ശാസ്ത്ര വിദ്യാഭ്യാസത്തിനു ശാസ്ത്ര ബോധവത്കരണത്തിനും യുക്തിസഹമായ ആശയ വിനിമയത്തിനുമുള്ള അന്താരാഷ്ട്ര ഉത്സവമാണ് ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള. കേരളം 36-ാം ശാസ്ത്ര കോൺഗ്രസിനു തയാറെടുക്കുന്ന ഘട്ടത്തിലാണു ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുന്നത്. എന്നാൽ, രാജ്യത്തെ ഏറ്റവും വലിയ ശാസ്ത്ര ബോധവത്കരണ പരിപാടിയായ ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് നടക്കുമോയെന്ന് അറിയാത്ത സാഹചര്യമാണ്. അതിന് അനുവാദം ലഭിച്ചിട്ടില്ല. ഇത്തരമൊരു പൊതു ദേശീയ സാഹചര്യത്തിലാണു ശാസ്ത്ര പ്രചാരണത്തിനും ശാസ്ത്രാവബോധം വളർത്തുന്നതിനുമായി കേരളം ഏറ്റെടുക്കുന്ന മുൻകൈകൾ പ്രസക്തമാകുന്നത്.ശാസ്ത്രാവബോധവും വിമർശനാത്മക ഗവേഷണവും യുക്തിചിന്തയും സമൂഹത്തിലാകെ വളർത്തേണ്ടതും പ്രചരിപ്പിക്കേണ്ടതും അനിവാര്യമായി തീർന്നിരിക്കുന്ന സവിശേഷ ഘട്ടത്തിലൂടെയാണു നാം കടന്നുപോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തു മതേതര മൂല്യങ്ങൾ ആക്രമിക്കപ്പെടുന്നു. സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാനുള്ള ഗൂഢശ്രമങ്ങൾ നടക്കുന്നു. മതത്തിന്റേയും ജാതിയുടേയും സമുദായത്തിന്റേയും പ്രദേശത്തിന്റെയും ഭാഷയുടേയും സംസ്‌കാരത്തിന്റേയുമൊക്കെ പേരിൽ നമ്മുടെ ഒരുമയേയും ഐക്യത്തേയും തകർക്കാനുള്ള ശ്രമം നടക്കുന്നു. ഇത്തരം നീക്കങ്ങൾ ശാസ്ത്രീയതയേയും ശാസ്ത്ര ചിന്തയേയും പിന്നോട്ടടിപ്പിക്കാനേ ഉപകരിക്കൂ. അതുകൊണ്ടുതന്നെ അത്തരം ബോധപൂർവമായ ശ്രമങ്ങളെ മുളയിലേ നുള്ളിക്കളയണം. ശാസ്ത്രബോധമുള്ളതും ശാസ്ത്രീയതയിൽ അധിഷ്ഠിതമായതുമായ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സ്ഥാപിത താത്പര്യക്കാർക്കു പ്രയാസമാണ്.

അതുകൊണ്ടാണു ചില അധികാര കേന്ദ്രങ്ങൾ ശാസ്ത്രം സമൂഹത്തിൽ വേരോടാതിരിക്കാൻ ആകാവുന്നതെല്ലാം ചെയ്യുന്നത്. ഭേദചിന്താഗതികളും വെറുപ്പിന്റെ ആശയങ്ങളും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രചരിപ്പിച്ച് ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. എന്നാൽ, ഇത്തരം ശ്രമങ്ങൾ കേരളത്തിൽ വിജയിക്കാത്തതു നാം പണ്ടേതന്നെ ശാസ്ത്രബോധത്തിൽ പ്രത്യേക ശ്രദ്ധ വച്ചതു കൊണ്ടാണ്.

ലൈഫ് സയൻസ് പാർക്കിൽ ഒരുക്കിയ വേദിയിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. നാസയിലെ ലീഡ് പ്രോഗ്രാം സയന്റിസ്റ്റ് ഡോ. മധുലിക ഗുഹാത്തകുർത്ത മുഖ്യ പ്രഭാഷണം നടത്തി. മന്ത്രിമാരായ വി. ശിവൻകുട്ടി, ഡോ. ആർ. ബിന്ദു, ജി.ആർ. അനിൽ, വീണാ ജോർജ്, എ.എ. റഹീം എംപി, മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി. ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ശാസ്ത്ര സാങ്കേതിക വകുപ്പ് എക്‌സ് ഒഫിഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.ബി. സുധീർ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ, സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!