കൊച്ചി: ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ 2024 കൗണ്ട് ഡൗൺ ആരംഭിച്ചു. ലേ മെരിഡീയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മാരത്തണില്‍ പങ്കെടുക്കാനുള്ള ആദ്യ ബിബ് രക്ഷാ സൊസൈറ്റി ചെയർമാൻ ഡബ്യു സി തോമസിന് കൈമാറി. കേരളത്തിന്റെ വളർന്നു വരുന്ന കായിക സംസ്കാരത്തിൽ വലിയ പങ്കാണ് ഫെഡറൽബാങ്ക് കൊച്ചി മാരത്തൺ വഹിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ശാരീരിക അവശതകളെ അതിജീവിച്ച് എഷ്യയിലാദ്യമായി കൈകളില്ലാതെ ഡ്രൈവിംഗ് ലൈസൻസ് നേടിയ തൊടുപുഴ സ്വദേശിനി ജിലുമോൾ മാരിയറ്റ് ജോമസിനെ ചടങ്ങിൽ ആദരിച്ചു. മുൻ ഇന്ത്യൻ നെറ്റ് ബോൾ ടീം ക്യാപ്റ്റനും സിനിമാ താരവുമായ പ്രാചി തെഹ്‌ലാൻ, ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് ഡിഐജി എന്‍ രവി, സതേണ്‍ നേവല്‍ കമാന്‍ഡ് കമാന്‍ഡര്‍ സൂപ്രണ്ട് സന്ദീപ് സബ്‌നിസ്, സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഡോ. എസ് എച്ച് പങ്കപകേശന്‍, ഡോ. ചർവകൻ, ക്ലിയോസ്പോര്‍ട്സ് ഡയറക്ടര്‍മാരായ അനീഷ് കെ. പോള്‍, ബൈജു പോള്‍, ശബരി നായർ, എം.ആര്‍.കെ. ജയറാം, ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ പ്രൊജക്ട് ഹെഡ് വിപിന്‍ നമ്പ്യാര്‍, കൺസൾട്ടന്റ് ജോസഫ് ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തിലെ മനോഹരമായ അന്തരീക്ഷവും മാരത്തൺ റൂട്ടും ആസ്വദിക്കാൻ ലോകമെമ്പാടുമുള്ള ഓട്ടക്കാർക്കൊപ്പം അവരുടെ കുടുംബാംഗങ്ങളെയും ആരോഗ്യ സംരക്ഷണത്തിനായി ഫെഡറൽബാങ്ക് കൊച്ചി മാരത്തണിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഫെഡറൽ ബാങ്ക് ചീഫ് മാർക്കറ്റിംഗ് ഓഫീസർ എംവിഎസ് മൂർത്തി പറഞ്ഞു. ഭിന്നശേഷി സൗഹൃദ മാരത്തൺ ആണ് ഇത്തവണ നടക്കുന്നത്. ഇത്തവണ പതിനായിരം ഓട്ടക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 11ന് ലോക അത്‌ലറ്റിക് ഫെഡറേഷന്‍ അംഗീകൃത മാരത്തണ്‍ റൂട്ടിലാണ് ഇത്തവണയും ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ നടക്കുക.

42.195 കി.മീ മാരത്തണ്‍, 21.097 കി.മീ ഹാഫ് മാരത്തണ്‍, 10 കി.മീ, 3 കി.മീ ഗ്രീന്‍ റണ്‍ എന്നീ വിഭാഗങ്ങള്‍ക്കൊപ്പം ഇത്തവണ ഭിന്നശേഷിക്കാര്‍ക്കും ശാരീരിക അവശതകൾ നേരിടുന്നവർക്കും വേണ്ടി സ്പെഷ്യൽ റൺ സംഘടിപ്പിക്കുന്നുണ്ട്. രക്ഷ സൊസൈറ്റിയുമായി ചേര്‍ന്നാണ് ഒരു കിലോമീറ്റർ സ്‌പെഷ്യല്‍ റണ്‍ നടക്കുക. പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ക്ലിയോസ്പോര്‍ട്‌സാണ് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തൺ സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്കൊപ്പം ഇത്തവണ വിദേശ അത്‌ലറ്റുകളും പങ്കെടുക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന് www.kochimarathon.in സന്ദര്‍ശിക്കുക.