
സംരംഭക മേഖലയില്‍ യുവജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിച്ച് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. സംരംഭക വര്‍ഷം 2.0യുടെ ഭാഗമായി വിവിധ പദ്ധതികള്‍, വ്യവസായ വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന സേവനങ്ങള്‍ എന്നിവയക്കുറിച്ച് ക്ലാസുകള്‍ സംഘടിപ്പിച്ചു.
2023-2024 സാമ്പത്തിക വര്‍ഷം ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 103 പുതുസംരംഭങ്ങള്‍ ആരംഭിച്ച് 213 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. സംരംഭകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായും ഗ്രാമപഞ്ചായത്തില്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്റേണ്‍സിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ബിനു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം അനില്‍കുമാര്‍ അധ്യക്ഷനായി. ഇ ഡി ഇ സിജി ചാക്കോ ക്ലാസ് നയിച്ചു. വ്യവസായ വികസന ഓഫീസര്‍ സി ഐ ശശികല, സ്ഥിര സമിതി അധ്യക്ഷര്‍, ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.



