
വർക്കല> പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് കിട്ടിയ സ്വർണാഭരണം ഉടമസ്ഥന് തിരികെ നൽകി ഹരിത കർമ സേനാംഗങ്ങൾ. ഇടവ പഞ്ചായത്തിൽ പതിനഞ്ചാം വാർഡിലെ ഹരിത കർമ സേനാംഗങ്ങളായ വെൺകുളം വലിയവിള വീട്ടിൽ കസ്തൂരി, മങ്ങാട്ട് ചരുവിള വീട്ടിൽ ബിനിത എന്നിവരാണ് തങ്ങൾക്ക് ലഭിച്ച സ്വർണ മോതിരം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായത്.
വെറ്റക്കട കുഴിയം ഹൗസിൽ സബീദയുടെ വീട്ടിൽനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് വേർതിരിക്കുന്നതിനിടയിലാണ് കവറിനുള്ളിൽ സ്വർണ മോതിരം കണ്ടത്. ഉടമയുടെ വീടിന് സമീപംവച്ച് മാലിന്യം വേർതിരിച്ചതിനാലാണ് യഥാർഥ ഉടമസ്ഥയെ കണ്ടെത്താനായത്. സ്ഥിരമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ സബീദയുടെ വീട്ടിൽ എത്തുന്നവരാണ് കസ്തൂരിയും ബിനിതയും. പരസ്പരം പരിചയവുമുണ്ട്. മോതിരം തിരികെ നൽകിയതിന് സബീദയും പഞ്ചായത്ത് പ്രസിഡന്റ് എ ബാലിക്ക്, സെക്രട്ടറി അനിൽകുമാർ എന്നിവരും ഇവരെ അഭിനന്ദിച്ചു



