കൊച്ചി: ഇന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ചലച്ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഓഡിയോ, ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു. കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ ഡിഎന്‍എഫ്ടി സംഘടിപ്പിച്ച ചടങ്ങില്‍ മോഹന്‍ലാലിന്റെയും ലിജോ ജോസിന്റെയും നേതൃത്വത്തില്‍ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ഈ സിനിമ മലയാളത്തിന്റെ മാത്രം സിനിമയല്ലെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. തമിഴിലും തെലുങ്കിലും അങ്ങനെ മറ്റു ഭാഷകളിലെല്ലാം കാണുമ്പോള്‍ അതാത് ഭാഷകളുടെ കഥയായി ഇത് അനുഭവപ്പെടുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് ഒരുപാട് രഹസ്യങ്ങളുള്ള സിനിമയാണെന്നും ആ രഹസ്യങ്ങളെന്താണെന്ന് സിനിമ കാണുമ്പോള്‍ മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലാലേട്ടന്റെ അനുഗ്രഹം കൊണ്ട് ചിത്രത്തിന്റെ പ്രചരണ പരിപാടികളെല്ലാം ഭംഗിയായാണ് പോകുന്നതെന്ന് പരിപാടിയുടെ സംഘാടകരായ ഡിഎന്‍എഫ്ടി ഉടമകളായ ടെക് ബാങ്ക് മൂവീസ് ലണ്ടന്‍ ഡയറക്ടര്‍ സുഭാഷ് മാനുവല്‍ പറഞ്ഞു. ഡിഎന്‍എഫ്ടിക്കൊപ്പം മനോരമ ഓണ്‍ലൈന്‍, ജെയിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റീവ് ആര്‍ട്‌സ്, മൈജി എന്നിവര്‍ ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഓഡിയോ, ട്രെയിലര്‍ ലോഞ്ചിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
ചിത്രത്തിന്റെ നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രത്തിലെ നായിക സൊണാലി കുല്‍ക്കര്‍ണ്ണി തുടങ്ങിയവരും സംസാരിച്ചു. ചിത്രത്തിലെ ‘തായും തന്തൈയും’ എന്ന ഗാനം പാലക്കാട് ശ്രീറാമും ‘പുന്നാര കാട്ടിലെ’ എന്ന ഗാനം അഭയ ഹിരണ്‍മയിയും ശ്രീകുമാര്‍ വക്കിയിലും ചേര്‍ന്ന് ആദ്യമായി തത്സമയം ആലപിച്ചു.
ചിത്രത്തിന്റെ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങളും വീഡിയോകളും ഡി.എന്‍.എഫ്.ടി(ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കണ്‍) പ്ലാറ്റ്‌ഫോം വഴിയാണ് ലഭ്യമാകുന്നത്. ലോകത്തിലാദ്യമായി ഡിഎന്‍എഫ്ടി മലൈക്കോട്ടൈ വാലിബനിലൂടെയാണ് അവതരിപ്പിക്കുന്നത്.
ഡിഎന്‍എഫ്ടി കരസ്ഥമാക്കിയ വ്യക്തികള്‍ക്ക് ചടങ്ങില്‍ സൗജന്യ പ്രവേശനമുണ്ടായിരുന്നു.
ദുബായിലും ലണ്ടനിലുമെല്ലാം ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് സുഭാഷ് മാനുവല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ സിനിമകള്‍ വാങ്ങുമ്പോഴും പുതിയ സിനിമകള്‍ റിലീസ് ചെയ്യുമ്പോഴും ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.