
തിരുവനന്തപുരത്ത് ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല യോജന പദ്ധതിയിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമമായ ടാലെന്റോ 2024 തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം തൊഴിൽ പരിശീലനം പൂർത്തിയാക്കി ജോലി ലഭിച്ച ആയിരം പേർക്കുള്ള ഓഫർ ലെറ്റർ മന്ത്രി കൈമാറി. ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല യോജന പദ്ധതിയിലൂടെ ജോലി ലഭിച്ച മൂവായിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു. ഗ്രാമീണ മേഖലയിലുള്ള യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതാണ് ഈ കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതി. സംസ്ഥാനത്ത് കുടുംബശ്രീ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്ന പദ്ധതിയിലൂടെ ഇതുവരെ 74,124 പേർക്ക് പരിശീലനം നൽകുകയും വിദേശത്ത് ഉൾപ്പെടെ, 52,480 പേർക്ക് ജോലി ലഭിക്കുകയും ചെയ്തു.
കേരളത്തിൽ തൊഴിലവസരങ്ങൾ ഇല്ലാത്തത് കൊണ്ടല്ല, ലോകത്തിലെ ഏറ്റവും മികച്ച ഏത് തൊഴിലവസരവും സ്വന്തമാക്കാൻ കഴിവുള്ളത് കൊണ്ടാണ് മലയാളികൾ വിദേശത്തേക്ക് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെയും തൊഴിൽപരിശീലനത്തിന്റെയും മേന്മ കൊണ്ടാണ് ഇത് സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട് 2024 പ്രകാരം അഭ്യസ്തവിദ്യർ ജോലി ചെയ്യാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നാട് കേരളവും നഗരം തിരുവനന്തപുരവുമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് നാടുവിട്ടത് പതിനേഴര ലക്ഷം പേരാണ്. ഇതിൽ കേരളത്തിൽ നിന്നുള്ളവർ താരതമ്യേന കുറവാണെന്ന് ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ നൽകിയ മറുപടിയിൽ നിന്ന് വ്യക്തമാകുന്നുവെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയിലൂടെ ജോലി ലഭിച്ച 200 പേരുടെ വിജയഗാഥ ഉൾപ്പെടുത്തിയ ‘ദി ട്രെയിൽബ്ലേസേഴ്‌സ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഗ്രാമവികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി കർമ സിംപ ഭൂട്ടിയ IFoS നിർവഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽഎ അധ്യക്ഷനായ ചടങ്ങിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ പങ്കെടുത്തു.




