
ഇന്നത്തെ കാലഘട്ടത്തിൽ സൈബറിടങ്ങളിൽ പല തട്ടിപ്പുകളും നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള പല കേസുകളിലും പരാതി നൽകിയാലും നടപടി സ്വീകരിക്കാൻ ഒരുപാട് കാലതാമസം എടുക്കാറുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ തടയുമെന്നതിന് വിദഗ്ദരായ ജീവനക്കാരില്ലെന്നത് ഉൾപ്പെടെയുള്ള വെല്ലുവിളികൾ പോലീസ് നേരിടുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാനത്ത് പ്രത്യേക സൈബർ ഡിവിഷൻ രൂപീകരിച്ചിരിക്കുകയാണ്.
രണ്ട് എസ് പിമാർ, രണ്ട് ഡിവൈഎസ്പിമാർ എന്നിവരടക്കം ഈ ടീമിലുണ്ട്. എല്ലാ സൈബർ കുറ്റകൃതൃങ്ങളും ഇനി സൈബർ ഡിവിഷനിൽ അന്വേഷിക്കും. സൈബർ സ്റ്റേഷനുകളും സൈബർ ഡിവിഷനിലേക്ക് മാറ്റുമെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
അതേസമയം, വെബ്‌സൈറ്റുകളിൽ കയറുമ്പോൾ കാണുന്ന പരസ്യങ്ങൾക്കെതിരെ കേരളാ പോലീസ് മുന്നറിയിപ്പ് നൽകി. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴും വെബ്‌സൈറ്റുകളിൽ തിരയുമ്പോഴും ധാരാളം പരസ്യങ്ങൾ വരുന്നത് പതിവാണ്. പരസ്യങ്ങളിൽ ആകൃഷ്ടരായി അതിൽ ക്ലിക്ക് ചെയ്ത് പറ്റിക്കപ്പെടുന്നവരുടെ എണ്ണവും ചെറുതല്ല. ഇന്റർനെറ്റിൽ നാം തിരയുന്ന കാര്യങ്ങൾ ആസ്പദമാക്കിയും നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ളതുമായ പരസ്യങ്ങളായിരിക്കും നമ്മൾ കാണുക. പരസ്യങ്ങളിലും ലിങ്കുകളിലും ക്ലിക്ക് ചെയ്ത് അബദ്ധത്തിൽ പെട്ടതിനുശേഷം മാത്രമാണ് തട്ടിപ്പായിരുന്നു എന്ന് പലരും മനസ്സിലാക്കുന്നത്. അംഗീകൃത വെബ്‌സൈറ്റുകളിലെ ആധികാരികമായ പരസ്യങ്ങളെ മാത്രം ആശ്രയിക്കണമെന്നാണ് പോലീസ് പറയുന്നത്.
മറ്റേതെങ്കിലും വെബ്‌സൈറ്റുകളിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങൾ തട്ടിപ്പല്ല എന്ന് ഉറപ്പുവരുത്തുന്നതിനായി യഥാർത്ഥ വെബ്‌സൈറ്റിൽ പോയി അത് വ്യാജമല്ല എന്ന് ഉറപ്പുവരുത്തണം. തട്ടിപ്പിനിരയായാൽ ഉടൻതന്നെ 1930 എന്ന നമ്പറിൽ സൈബർ പോലീസ് ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കുക. ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ വിവരം അറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും പോലീസ് കൂട്ടിച്ചേർത്തു.





