
ടോറസ് ഡൗൺടൗൺ പ്രോജക്ടിന്റെ ഭാഗമായുള്ള തിരുവനന്തപുരം ടെക്നോപാർക്കിലെ നയാഗ്ര ബിൽഡിംഗ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിരവധി പുതിയ പദ്ധതികൾ ആരംഭിക്കുന്നതോടെ ഇന്ത്യയിലെ പ്രധാന ഐ.ടി ഹബ്ബായി ടെക്നോപാർക്ക് മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്വിഫാക്സ് അനലിറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് പോലുള്ള ആഗോള ബ്രാൻഡുകൾ ഇതിനകം സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചു. പതിനഞ്ച് ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ പതിനായിരം നേരിട്ടുള്ള തൊഴിലവസരങ്ങൾ ഇതിലൂടെ സാധ്യമാകും. മികച്ച മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെയും പ്രവർത്തനാന്തരീക്ഷം ഒരുക്കിയും കൂടുതൽ നിക്ഷേപം സംസ്ഥാനത്ത് എത്തിക്കുന്നതിനാണ് ഗവൺമെന്റ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവരസാങ്കേതിക വിദ്യാരംഗത്തെ മുന്നേറ്റങ്ങളിൽ രാജ്യത്തിന് മാതൃകയായിത്തീർന്ന നിരവധി മുൻകൈകൾ കേരളത്തിന്റേതായിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രോണിക്‌സ് പ്രൊഡക്ഷൻ കമ്പനി, ആദ്യത്തെ ഐ.ടി പാർക്ക്, ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് എന്നിവയെല്ലാം ആരംഭിച്ചത് കേരളത്തിലാണ്. രാജ്യത്തെ ആദ്യത്തെ ഐ.ടി പാർക്കായ ടെക്ക്‌നോപാർക്കിൽ ടോറസ് ഡൗൺടൗൺ പോലെ ഒരു സംരംഭം യാഥാർത്ഥ്യമാകുന്നു എന്നതിൽ അതിയായ സന്തോഷമുണ്ട്. ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഏക ഇന്ത്യൻ സംസ്ഥാനമാണ് കേരളം. സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഫോൺ പദ്ധതി ആവിഷ്‌ക്കരിച്ചു നടപ്പാക്കിവരികയാണ്.
ഇതിനുപുറമെ കെ-ഫൈ എന്ന പദ്ധതിയിലൂടെ 2,023 പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ ഹോട്‌സ്‌പോട്ടുകൾ ഒരുക്കിയിട്ടുണ്ട്. 2,000 ഹോട്ട്‌സ്‌പോട്ടുകൾ കൂടി സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സാങ്കേതിക വിദ്യാധിഷ്ഠിത വ്യവസായങ്ങളിൽ കേരളം വളരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് കേരളത്തിൽ നിന്നുള്ള സോഫ്റ്റ്‌വെയർ കയറ്റുമതിയിൽ ഉണ്ടായിട്ടുള്ള വർദ്ധനവ്. 19,066 കോടി രൂപയുടെ സോഫ്റ്റ്‌വെയറുകളാണ് 2022-23 സാമ്പത്തിക വർഷത്തിൽ കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യപ്പെട്ടത്.
കൊച്ചിയിൽ ടെക്‌നോളജി ഇന്നവേഷൻ സോൺ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുഗോഗമിച്ചുവരികയാണ്. പൂർണ്ണ തോതിൽ സജ്ജമാകുമ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ ടെക് ഇന്നവേഷൻ സോൺ ആയിരിക്കുമത്. എയ്‌റോസ്‌പേസ് ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും തിരുവനന്തപുരത്ത് ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കാനായി കെ-സ്‌പേസ് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഇലക്‌ട്രോണിക് ഹാർഡ്‌വെയർ ടെക്‌നോളജി ഹബ്, എമർജിംഗ് ടെക്‌നോളജീസ് ഹബ് എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇത്തരം ഇടപെടലുകൾ ഫലം കാണുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
2016ൽ കേരളത്തിലെ സർക്കാർ ഐ.ടി പാർക്കുകൾ വഴിയുള്ള കയറ്റുമതി 9,753 കോടി രൂപയായിരുന്നു. 2022 ൽ അത് 17,536 കോടി രൂപയായി വർദ്ധിച്ചു. ആറു വർഷം കൊണ്ട് ഏകദേശം ഇരട്ടിയോളം വർദ്ധനവ്. മികച്ച മാർക്കറ്റിങ് സംവിധാനങ്ങളിലൂടെ ദേശീയ- അന്തർദേശീയ കമ്പനികളെ സംസ്ഥാനത്തേക്ക് ആകർഷിച്ച് ഐ.ടി നിക്ഷേപം നടത്തുന്നതിനു വേണ്ടി പ്രത്യേക മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും ഐ.ടി പാർക്കുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. പാർക്കുകൾ നേരിട്ടും ഉപസംരംഭകർ മുഖേനയും വികസിപ്പിച്ചവ ഉൾപ്പെടെ 2 കോടിയിലധികം ചതുരശ്രയടി സ്‌പേസ് കേരളത്തിലെ ഐ.ടി പാർക്കുകളിൽ നിലവിലുണ്ട്.
സർക്കാർ പങ്കാളിത്തത്തോടെ സ്വകാര്യ സംരംഭകരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് ജറ്റെക്‌സ്, സിബിറ്റ് എന്നിവയുൾപ്പെടെയുള്ള ദേശീയ – അന്തർദേശീയ ഐ.ടി മേളകളിലും കോൺഫറൻസുകളിലും മറ്റും പങ്കെടുത്ത് ഐ.ടി വ്യവസായത്തിനായി കേരളത്തിൽ ഒരുങ്ങിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ, മാനവശേഷി ലഭ്യത, നിക്ഷേപ സാധ്യതകൾ എന്നിവ ലോകവുമായി പങ്കുവെക്കാൻ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്റ്റാർട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരത്തിനു തുടർച്ചയായ മൂന്നാം തവണയും കേരളം അർഹമായി. കരുത്തുറ്റ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം രൂപീകരിക്കുന്നതിന് പ്രാമുഖ്യം നൽകിയാണ് സ്റ്റേറ്റ്‌സ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 2021 ലെ ടോപ് പെർഫോർമർ പുരസ്‌കാരം കേരളം നേടിയത്. സ്റ്റാർട്ടപ്പുകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന രാജ്യത്തെ തന്നെ മികച്ച സ്ഥാപനമായി കേരള സ്റ്റാർട്ടപ്പ് മിഷനെ ഇന്ത്യ ഫസ്റ്റ് ടെക് സ്റ്റാർട്ടപ്പ് കോൺക്ലേവ് 2022 തിരഞ്ഞെടുത്തു.
ഫ്യൂച്ചർ ടെക്‌നോളജി ലാബ്, ഐ.ഒ.റ്റി ലാബ്, സൂപ്പർ ഫാബ് ലാബ് മുതലായ നൂതന സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതും സ്റ്റാർട്ടപ്പ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ്. സർക്കാർ ഉറപ്പുവരുത്തുന്ന ഇത്തരം ഫിസിക്കൽ ആൻഡ് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ഉപയോഗപ്പെടുത്തി ചെറുപ്പക്കാർക്കും പൊതുസമൂഹത്തിനാകെയും വിവിധ മേഖലകളിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും.

നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റാർട്ടപ്പുകളുടെ ഉൽപന്നങ്ങൾ സർക്കാർ പദ്ധതികൾക്കായി ഉപയോഗിക്കുന്ന നയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പിന്തുടർന്നുവരുന്നത്. ‘ഗവണ്മെന്റ് ആസ് എ മാർക്കറ്റ് പ്ലേസ്’ എന്ന നയം നടപ്പാക്കിക്കൊണ്ട് സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ പ്രോജക്ടുകളിൽ മുൻഗണന ലഭ്യമാക്കുകയാണ്. അതിന്റെ ഫലമായി സങ്കീർണ്ണമായ ടെണ്ടറിംഗ് പ്രോസസ്സുകൾ ഇല്ലാതെ തന്നെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് സർക്കാർ പദ്ധതികളുടെ ഭാഗമായിത്തീരാൻ കഴിയും.
അതോടൊപ്പം ഫിൻടെക്, അഗ്രിടെക് തുടങ്ങിയ നൂതന മേഖലകളുമായി നമ്മുടെ സ്റ്റാർട്ടപ്പ് സംരംഭകരെ ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഏറ്റെടുക്കുന്നുണ്ട്. അതിനുതകുന്ന വിധമുള്ള സെമിനാറുകളും സംരംഭക സംഗമങ്ങളും എല്ലാം നടപ്പാക്കിവരികയാണ്. ഇത്തരത്തിൽ പരമ്പരാഗത- നൂതന ഐ.ടി സംരംഭങ്ങളെ ഒരുപോലെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വിവര സാങ്കേതികവിദ്യാ രംഗത്ത് നാം വലിയ തോതിലുള്ള മുന്നേറ്റം കൈവരിക്കുകയാണ്.
2050 ഓടെ ലോകത്തെ 75 ശതമാനം തൊഴിലുകളും നൂതന സാങ്കേതികവിദ്യാ മേഖലയിൽ നിന്നായിരിക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. അത്തരത്തിൽ ലോകം കുതിക്കുമ്പോൾ കേരളത്തിന് ആ മുന്നേറ്റത്തിന്റെ ഭാഗമാകാൻ കഴിയണം. അതിന് എല്ലാ സ്റ്റേക്ക് ഹോൾഡേഴ്‌സിന്റെയും ഭാഗത്തുനിന്ന് ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ അനിവാര്യമാണ്. സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പുനൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ഇലക്ട്രോണിക്സ്, ഐ.ടി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ, ടെക്നോപാർക്ക് സി.ഇ.ഒ സഞ്ജീവ് നായർ തുടങ്ങിയവർ പങ്കെടുത്തു.



