തിരുവനന്തപുരം: അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുതെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. അപരിചിതരിൽ നിന്നുള്ള വീഡിയോ കോൾ സ്വീകരിക്കുമ്പോൾ മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള ഫോട്ടോ എടുക്കുകയും ചെയ്‌തേക്കാമെന്ന് പോലീസ് അറിയിച്ചു.

ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കും. സോഷ്യൽ മീഡിയ കോൺടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്. അതിനാൽ പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്ക്കാൻ അവർക്ക് കഴിയും. ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണെന്നും അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുതെന്നും പോലീസ് വിശദമാക്കി.

അതേസമയം, പാഴ്സൽ സർവ്വീസ് ദാതാക്കളുടെ വെബ്‌സൈറ്റുകൾ ഓൺലൈനിൽ തിരഞ്ഞ് അവരുടെ സേവനം നേടുമ്പോൾ ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഓൺലൈൻ ഡെലിവറി തട്ടിപ്പുകൾ ഇപ്പോൾ കൂടി വരികയാണ്. ഇത്തരം തട്ടിപ്പുകാർ ഇമെയിൽ അല്ലെങ്കിൽ ടെക്സ്റ്റ് മെസ്സേജ് വഴി വ്യാജ ഡെലിവറി അറിയിപ്പുകളും ലിങ്കുകളും അയക്കുന്നു. ഇത് വ്യാജ വെബ്‌സൈറ്റുകളിലേയ്ക്കാണ് നിങ്ങളെ നയിക്കുന്നത്. അപ്രതീക്ഷിത അറിയിപ്പുകളും ലിങ്കുകളും വിശ്വസിക്കരുത്. വ്യാപാര സ്ഥാപനങ്ങൾ/ ഡെലിവറി സർവീസ് / ഓൺലൈൻ പർചേസിങ്ങ് പ്ലാറ്റ്‌ഫോംസ് എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന നിങ്ങൾക്ക് ലഭിച്ച അറിയിപ്പ് ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ രണ്ടുമണിക്കൂറിനകം [GOLDEN HOUR] തന്നെ വിവരം 1930 ൽ അറിയിക്കുക. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.