
തലയോലപറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 16-ാമത് ബഷീർ സാഹിത്യപുരസ്കാരം ഇ സന്തോഷ് കുമാറിന്റെ ‘നാരകങ്ങളുടെ ഉപമ’ എന്ന ചെറുകഥാ സമാഹാരത്തിന് ലഭിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും സി എൻ കരുണാകരൻ രൂപകല്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് അവാർഡ്.
വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ചെയർമാൻ അഡ്വ. പി കെ ഹരികുമാര്‍, കെ സി നാരായണൻ, പി കെ രാജശേഖരൻ, ഡോ. കെ രാധാകൃഷ്ണ വാര്യർ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മറ്റിയാണ് അവാർഡ് നിശ്ചയിച്ചത്. നിസ്സഹായതയും നിസ്സംഗതയും സ്വത്വ ചിഹ്നങ്ങളായ ഒരു കൂട്ടം മനുഷ്യരുടെ പ്രതിരോധത്തിന്റെ കഥകളാണ് ഇ സന്തോഷ്കുമാറിന്റെ ‘നാരകങ്ങളുടെ ഉപമ’യിലുള്ളത്.
മനുഷ്യൻ സ്വയം തിരിച്ചറിയുന്നതിന്റെ വഴികൾ വൈവിധ്യമുള്ളതാണ്. അവയിലൂടെയുള്ള പ്രയാണത്തിൽ ജീവിതം കൈവിട്ടു പോകുന്നവരുടെ അനുഭവങ്ങൾ തേച്ചുമിനുക്കി അവതരിപ്പിക്കുന്നതിൽ കഥാകൃത്ത് അസാധാരണമായ മികവു പുലർത്തിയെന്ന് ജഡ്ജിംഗ് കമ്മറ്റി വിലയിരുത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ 2024 ജനുവരി 21- ന് ജന്മദേശമായ തലയോലപ്പറമ്പിലെ ബഷീർ സ്മാരക മന്ദിരത്തിൽ വച്ച് അവാർഡ് നൽകുമെന്ന് ട്രസ്റ്റ് സെക്രട്ടറി ഡോ. സി എം കുസുമൻ അറിയിച്ചു.




