
വീടുകളിൽ പാചകം ചെയ്യുന്നതിനും മറ്റും ഇൻഡക്ഷൻ കുക്കർ വ്യാപകമായി ഉപയോഗിക്കുന്നവർക്ക് പ്രത്യേക അറിയിപ്പുമായി സംസ്ഥാന വൈദ്യുതി ബോർഡ്. അധിക വൈദ്യുതി ചെലവാകുമെന്നതിനാൽ കൂടുതൽ നേരം പാചകം ചെയ്യാൻ ഇൻഡക്ഷൻ കുക്കർ അനുയോജ്യമല്ലെന്നാണ് വൈദ്യുതി ബോർഡിന്റെ നിർദ്ദേശം. സാധാരണയായി 1500 വാട്സ് മുതൽ 2000 വാട്സ് വരെയാണ് ഇൻഡക്ഷൻ കുക്കറിന്റെ പവർ റേറ്റിംഗ് വരുന്നത്. അതുകൊണ്ടുതന്നെ ഒരു ഒരു മണിക്കൂറോളം ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ ഏകദേശം 1.5 യൂണിറ്റ് മുതൽ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകുന്നതാണ്.
വെറും മണിക്കൂറുകൾ കൊണ്ട് 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകുന്നതിനാൽ, കൂടുതൽ നേരം പാചകം ചെയ്യാൻ ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. ഇൻഡക്ഷൻ കുക്കറിന്റെ പ്രതലത്തിൽ കാണിച്ചിരിക്കുന്ന വൃത്തത്തിനേക്കാൾ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല. കൂടാതെ, പാചകത്തിന് ആവശ്യമുള്ള അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിനു ശേഷം ഇൻഡക്ഷൻ കുക്കറിന്റെ പവർ കുറയ്ക്കാൻ കഴിയുന്നതാണ്. പാചകത്തിന് പാത്രം വെച്ചതിനു ശേഷം മാത്രമേ സ്വിച്ച് ഓൺ ചെയ്യാൻ പാടുള്ളൂ. അതുപോലെ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രം പാത്രം മാറ്റുക.


