കോഴിക്കോട്: പേരാമ്പ്ര പന്നിമുക്കിൽ നിന്നും മാരക നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ. ചേരാപുരം സ്വദേശി അജ്മൽ വിസി, ചേരാപുരം ചെറിയവരപുറത്ത് ചെറുവണ്ണൂർ സ്വദേശിനി അനുമോൾ വലിയ പറമ്പിൽ മീത്തൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പേരാമ്പ്ര ഡി വൈ എസ് പിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
പേരാമ്പ്രയിൽ നിന്നും എംഡിഎംഎയുമായി ഇരുവരും വടകര റൂട്ടിൽ കാറിൽ പോകുന്നുണ്ടെന്നായിരുന്നു ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരം. ഇതിന് പിന്നാലെ മേപ്പയ്യൂർ പൊലീസും ഡിവൈഎസ്പിയുടെ പേരാമ്പ്രയിലെ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്. ഇവരിൽ നിന്നും 14.500 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും ലഹരിക്കെതിരെ ഇനിയും ശക്തമായ നടപടികൾ എടുക്കുമെന്നും പൊലീസ് അറിയിച്ചു.