പാര്‍ട്ട് ടൈം ജോലി തട്ടിപ്പിലൂടെ 250 കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. തമിഴ്‌നാട് ആമ്പൂര്‍ സ്വദേശി രാജേഷ് (21), ബെംഗളൂരു കുറുമ്പനഹള്ളി ചക്രധര്‍ (36), എന്നിവരെയാണ് എറണാകുളം റൂറല്‍ സൈബര്‍ ക്രൈം പോലീസ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നാണ് പ്രതികൾ പിടിയിലായത്. കേസില്‍ ബെംഗളൂരു വിദ്യാര്‍ണപുര സ്വാഗത് ലേ ഔട്ട് ശ്രീനിലയത്തില്‍ മനോജ് ശ്രീനിവാസിനെ (33) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മനോജിന്റെ സഹായിയാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന ചക്രധര്‍.

യൂട്യൂബ് ലൈക്ക് ചെയ്യുന്നതുവഴി വരുമാനം നേടാന്‍ ആയിരം രൂപ നിക്ഷേപിച്ചാല്‍ വന്‍ തുക വരുമാനം ലഭിക്കുമെന്ന വാഗ്ദാനം നല്‍കിയായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. സൈബര്‍ പോലീസ് സ്റ്റേഷന്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അമ്പതോളം അക്കൗണ്ടുകളില്‍നിന്ന് 250 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. പറവൂര്‍ സ്വദേശികളായ സ്മിജയില്‍നിന്ന് ഏഴ് ലക്ഷത്തോളം രൂപയും ബിനോയിയില്‍നിന്ന് പതിനൊന്ന് ലക്ഷത്തോളം രൂപയുമാണ് സംഘം തട്ടിയത്.

പാര്‍ട്ട് ടൈം ജോലിയുടെ ഭാഗമായി യൂ ട്യൂബ് ലൈക്ക് ചെയ്യുന്നതുവഴി വരുമാനം ലഭിക്കുമെന്നും ആയിരം രൂപ നിക്ഷേപിച്ചാല്‍ വന്‍ തുക വരുമാനം ലഭിക്കുമെന്നുമാണ് പ്രതികൾ വാഗ്ദാനം നൽകിയിരുന്നത്. ആദ്യഘട്ടം എന്ന നിലയില്‍ ചെറിയ തുകകള്‍ തട്ടിപ്പുസംഘം പ്രതിഫലം, ലാഭം തുടങ്ങിയവയുടെ പേരിൽ കൈമാറി. തുടര്‍ന്ന് വിശ്വാസം ജനിപ്പിച്ച ശേഷം വലിയ തുകകള്‍ നിക്ഷേപിപ്പിക്കുകയായിരുന്നു. ഇതിന്റെ ലാഭം തിരികെ ലഭിക്കുന്നതിനായി ജിഎസ്ടി, ടാക്‌സുകള്‍ എന്നിങ്ങനെ കൂടുതല്‍ തുകകള്‍ വാങ്ങി കബളിപ്പിക്കുകയായിരുന്നു.