ജില്ല ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മികവുറ്റ സംഘാടനം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തേവള്ളി സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യവെ വിവിധ സമിതികളുടെ നേതൃത്വത്തില്‍ കുറ്റമറ്റ സംഘാടനത്തിനുള്ള സാഹചര്യം ഒരുക്കിയതായും വ്യക്തമാക്കി.
ജനുവരി 4 മുതല്‍ 8 വരെ നീളുന്ന കലോത്സവം 24 വേദികളിലായി അരങ്ങേറും. ഓര്‍മയായ കവി ഒ എന്‍ വി കുറുപ്പിന്റെ പേരാണ് ആശ്രാമം മൈതാനത്തെ പ്രധാന വേദിക്ക്. സാംസ്‌കാരിക- സാമൂഹിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തിത്വങ്ങളുടെ പേരിലാണ് ഇതര വേദികള്‍. സമയപരിപാലനത്തില്‍ കൃത്യത ഉറപ്പാക്കിയാകും ഇത്തവണയും കലോത്സവം നടത്തുക എന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ 239 ഇനങ്ങളില്‍ മത്സരിക്കുന്നതിന്റെ വിവരങ്ങളും കലോത്സവത്തിന്റെ വേദികളും സമയവും ഉള്‍ക്കൊള്ളിച്ചുള്ള പ്രോഗ്രാം ഷെഡ്യൂള്‍ മന്ത്രി പ്രകാശനം ചെയ്തു. ആശ്രാമം മൈതാനത്തിന് സമീപമുള്ള നീലാംബരി ഓഡിറ്റോറിയത്തില്‍ കലാ -സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ എം നൗഷാദ് എം എല്‍ എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ് ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.