
പുതുവർഷ ആഘോഷങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഷാർജ. ഗാസയിൽ ദുരിതം അനുഭവിക്കുന്ന പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം. ഡിസംബർ 31നും ജനുവരി ഒന്നിനും വെടിക്കെട്ടോ മറ്റ് കരിമരുന്ന് പ്രയോഗങ്ങളോ പാടില്ലെന്ന് ഷാർജ പൊലീസ് അറിയിച്ചിട്ടുണ്ട്. ഒരു തരത്തിലുമുള്ള ആഘോഷ പരിപാടികളും വേണ്ടെന്നാണ് തീരുമാനം.വ്യക്തികൾക്കും സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങൾക്കും വൻകിട കോർപ്പറേറ്റുകൾക്കും തീരുമാനം ബാധമാണ്. നിരോധനം ലംഘിച്ച് ആഘോഷം നടത്തുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി.
വാരാന്ത്യ അവധി കൂടി ചേർത്ത് പുതുവർഷത്തിന് ഷാർജയിൽ നാലു ദിവസത്തെ പൊതു അവധി ലഭിക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധിക്കൊപ്പം ജനുവരി ഒന്ന് തിങ്കളാഴ്ച, രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, മറ്റ് എമിറേറ്റുകളിൽ ഇതുവരെ പുതുവർഷ ആഘോഷങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ചിട്ടില്ല.




