
നഗരസഭയിലെയും കോർപ്പറേഷനെയും സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ. കെ-സ്മാർട്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ‘കെ-സ്മാർട്ട്’ ആപ്ലിക്കേഷൻ ജനുവരി 1 മുതൽ പ്രവർത്തനക്ഷമമാകുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ചിറയൻകീഴ് മണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ വച്ചാണ് അദ്ദേഹം ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പങ്കുവെച്ചത്. ആപ്പ് സജ്ജമാക്കുന്നതോടെ വീട് വയ്ക്കാൻ ആവശ്യമായ പെർമെന്റിനുള്ള അപേക്ഷ വേഗത്തിൽ സമർപ്പിക്കാനാകും. ചട്ടമനുസരിച്ച് അപേക്ഷ നൽകിയാൽ മിനിറ്റുകൾക്കകം പെർമിറ്റ് ലഭ്യമാക്കുന്ന തരത്തിലാണ് ആപ്പിന്റെ പ്രവർത്തനം. അതേസമയം, ചട്ടമനുസരിക്കാതെ പെർമിറ്റിനുള്ള അപേക്ഷ നൽകുകയാണെങ്കിൽ, ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രത്യേക മെസേജും ലഭിക്കും.
വിവാഹ രജിസ്ട്രേഷന് വീഡിയോ കോളിലൂടെ വധവും വരനും ഹാജരാകയാൽ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതടക്കമുള്ള സജ്ജീകരണങ്ങൾ കെ-സ്മാർട്ട് ആപ്പ് ലഭിക്കും. കൂടാതെ, നികുതിയും അടയ്ക്കാൻ കഴിയുന്നതാണ്. പൊതുജനങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും കെ-സ്മാർട്ട് ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. തുടർന്ന് ലോഗിൻ ചെയ്ത്, സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാനാകും. അടുത്ത വർഷം ഏപ്രിൽ 1 മുതൽ സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലേക്ക് കൂടി കെ-സ്മാർട്ട് പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.



