തിരുവനന്തപുരം കടകംപള്ളി വില്ലേജില്‍ പുനർഗേഹം പദ്ധതി പ്രകാരം 168 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് മന്ത്രിസഭ 37.62 കോടി രൂപയുടെ ഭരണാനുമതി നല്‍കി. തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റി വിട്ടുനൽകിയ രണ്ടേക്കര്‍ ഭൂമിയിലാണ് ഫ്ലാറ്റുകള്‍ നിര്‍മിക്കുന്നത്. ഇവിടെ ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാനായി കേരള സംസ്ഥാന തീരദേശ കോര്‍പ്പറേഷന്‍ തയ്യാറാക്കിയ എസ്റ്റിമേറ്റിനാണ് ഭരണാനുമതി ലഭിച്ചത്.
വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ 2450 കോടി രൂപ ചെലവില്‍ തയ്യാറാക്കിയ പുനർഗേഹം പദ്ധതിയില്‍ ഇതുവരെ ആകെ 2578 ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കിയതായി മന്ത്രി അറിയിച്ചു. ഇതില്‍ 390 എണ്ണം ഫ്ലാറ്റുകളും 2188 എണ്ണം വീടുകളുമാണ്. 1184 ഫ്ലാറ്റുകളും 1240 വീടുകളും നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതിനു പുറമേ ലൈഫ് പദ്ധതിയില്‍ ഫിഷറീസ് വിഭാഗത്തില്‍ 4628 പേര്‍ വീട് നിര്‍മ്മിച്ചു. ഇതോടൊപ്പം ഫിഷറീസ് വകുപ്പിന്റെ മറ്റ് വിവിധ ഭവനപദ്ധതികള്‍ പ്രകാരം 4706 വീടുകളും 192 ഫ്ലാറ്റുകളും നിര്‍മ്മിച്ചു. ഇത്തരത്തില്‍ ആകെ 12104 വീടുകളാണ് മത്സ്യത്തൊഴിലാളികള്‍ക്ക് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ നിര്‍മിച്ചു നല്‍കിയതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.