
ദേശീയ ഊർജ്ജ കാര്യക്ഷമതാ പുരസ്‌കാരം 2023 ൽ കേരളത്തിന് നേട്ടം. ദേശീയ ഊർജ്ജ കാര്യക്ഷമതാ സൂചികയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ഊർജ്ജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ ഊർജ്ജ കാര്യക്ഷമതാ സൂചികയിൽ ഗ്രൂപ്പ് രണ്ട് വിഭാഗത്തിലാണ് കേരളം ഉൾപ്പെട്ടിട്ടുള്ളത്. 77.5 പോയിന്റുമായി ഈ വിഭാഗത്തിൽ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. 83.5 പോയിന്റുമായി ആന്ധ്രാ പ്രദേശ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി.
കാർഷികരംഗം, വൈദ്യുത വിതരണരംഗം, ഗതാഗതം, വ്യവസായികരംഗം, ഗാർഹികരംഗം എന്നീ മേഖലകളിലെ ഊർജ്ജ കാര്യക്ഷമത ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് കേരളത്തിന് പുരസ്‌കാരം ലഭിച്ചത്. ഡൽഹി വിഗ്യാൻ ഭവനിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ. ഹരികുമാർ പുരസ്‌കാരം ഏറ്റുവാങ്ങി.



