
മലപ്പുറം: മലപ്പുറത്ത് 142 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. വളർത്തു മൃഗങ്ങളുടെ ഫാം ഹൗസിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയിരുന്നവരാണ് എക്‌സൈസ് പരിശോധനയിൽ പിടിയിലായത്.
കാവനൂർ സ്വദേശി മുഹമ്മദ് കാസിം (38 വയസ്സ് ), മമ്പാട് പൊങ്ങല്ലൂർ സ്വദേശി ഷമീം (35 വയസ്സ്), ആമയൂർ സ്വദേശി സമീർ കുന്നുമ്മൽ (35 വയസ്സ്) എന്നിവർ അറസ്റ്റിലായി. കാസിമിന്റെ ഉടമസ്ഥതയിൽ അരീക്കോട് മൈത്രയിൽ ഉദ്ദേശം രണ്ടര ഏക്കർ സ്ഥലത്താണ് ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രാവ്, കോഴി, പട്ടി, എമു, ഒട്ടകപക്ഷി, തത്ത തുടങ്ങിയ വളർത്തു മൃഗങ്ങൾ വിൽപ്പന നടത്തിയിരുന്നു. ഇതിന്റെ മറവിലാണ് ഇവർ മൂവരും ചേർന്ന് മയക്കുമരുന്ന് വിൽപ്പന ആരംഭിച്ചത്. ഫാമിൽ നടത്തിയ പരിശോധനയിൽ 52 ഗ്രാം എംഡിഎംഎയും, കാസിമിന്റെ വീട്ടിൽ നിന്ന് 90 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.
എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും, മലപ്പുറം ഐബിയും, മഞ്ചേരി റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ റെയ്ഡിൽ എക്‌സൈസ് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഷഫീഖ് പി കെ, ഷിജുമോൻ ടി എന്നിവരും, പ്രിവന്റീവ് ഓഫീസർ ശിവപ്രകാശ് കെ എം, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) മുഹമ്മദാലി, സുഭാഷ് വി, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജൻ നെല്ലിയായി, ജിഷിൽ നായർ, അഖിൽ ദാസ് ഇ, സച്ചിൻദാസ് കെ, വനിത സിവിൽ എക്‌സൈസ് ഓഫീസർ ധന്യ കെ, എക്‌സൈസ് ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.



