
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളം ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട് (കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ) ജനുവരി ഒന്നു മുതൽ നിലവിൽ വരുന്നു. കെ-സ്മാർട്ട് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി ഒന്നിന് എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കെ-സ്മാർട്ട് നിലവിൽ വരുന്നതോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. മുൻസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ കെ-സ്മാർട്ട് വിന്യസിക്കുന്നത്. ഏപ്രിൽ ഒന്നിന് ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ഇതോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ സമയബന്ധിതമായി ഓഫീസുകളിൽ പോകാതെ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമാവുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി ഇൻഫർമേഷൻ കേരള മിഷനാണ് കെ-സ്മാർട്ട് വികസിപ്പിച്ചത്. കെ-സ്മാർട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങൾക്കായുള്ള അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓൺലൈനായി തന്നെ അറിയാനും സാധിക്കും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രസീത് പരാതിക്കാരന്റെ അപേക്ഷകന്റെ ലോഗിനിലും വാട്‌സ്ആപ്പിലും ഇ-മെയിലിലും ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് മെസേജിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇഗവേണൻസിൽ കേരളത്തിന്റെ മുന്നേറ്റത്തിന് പുത്തൻ വേഗം പകരുന്ന സംവിധാനമാകും കെ-സ്മാർട്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും സേവനങ്ങളെയും 35 മോഡ്യൂളുകളായി തിരിച്ച് അവയെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമിൽ കെ-സ്മാർട്ടിലൂടെ ജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാകും. വെബ് പോർട്ടലിൽ സ്വന്തം ലോഗിൻ ഉപയോഗിച്ച് അതാത് മൊഡ്യൂളുകളിലെത്തി ആവശ്യമായ വിവരങ്ങൾ നൽകി സേവനം ലഭ്യമാക്കാം.
സിവിൽ രജിസ്‌ട്രേഷൻ (ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ), ബിസിനസ് ഫെസിലിറ്റേഷൻ (വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കുമുള്ള ലൈസൻസുകൾ), വസ്തു നികുതി, ബിൽഡിംഗ് പെർമിഷൻ മൊഡ്യൂൾ, പൊതുജന പരിഹാരം തുടങ്ങി എട്ട് സേവനങ്ങളായിരിക്കും ആദ്യഘട്ടത്തിൽ കെ-സ്മാർട്ടിലൂടെ ലഭ്യമാവുക. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രവാസികൾക്ക് നേരിട്ടെത്താതെ തന്നെ അതാത് തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ലഭ്യമാവും. ഏറ്റവും വേഗത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റുകൾ ലഭ്യമാക്കും എന്നതും കെ-സ്മാർട്ടിന്റെ പ്രധാന സവിശേഷതയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സേവനം വൈകുന്നുവെന്നും ഓഫീസുകൾ കയറിയിറങ്ങി മടുക്കുന്നുവെന്നുമുള്ള സ്ഥിരം പരാതികൾ ഈ സംവിധാനത്തിലൂടെ പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു
പൊതുജനങ്ങൾക്കും ജീവനക്കാർക്കും കെ-സ്മാർട്ട് ഉപയോഗിക്കുന്നതിന് സഹായിക്കുന്നതിനായി പ്രത്യേക ഹെൽപ് ഡെസ്‌ക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങൾ തത്സമയം പരിഹരിക്കുന്നതിന് കേന്ദ്രീകൃത റാപ്പിഡ് റെസ്‌പോൺ ടീമിനെ ഐ.കെ.എം ഹെഡ്ക്വാട്ടേഴ്‌സിൽ വിന്യസിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും. കെ-സ്മാർട്ട് മൊബൈൽ ആപ്പ് വ്യവസായ മന്ത്രി പി. രാജീവ് പുറത്തിറക്കും. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ വിനോദ്, കെ.ജെ മാക്‌സി തുടങ്ങിയവർ പങ്കെടുക്കും



