കുടുംബശ്രീയുടെ യുവനിരയായ ഓക്‌സിലറി ഗ്രൂപ്പിലെ മൂന്നു ലക്ഷം അംഗങ്ങളുടെ സംഗമത്തിന് വേദിയൊരുങ്ങുന്നു. ഡിസംബർ 23ന് സംസ്ഥാനത്തെ എല്ലാ സി.ഡി.എസുകളിലും സംഘടിപ്പിക്കുന്ന ഓക്‌സോമീറ്റാണ് കുടുംബശ്രീയുടെ പ്രയാണത്തിൽ പുതിയ നാഴികക്കല്ലാവുമെന്ന് പ്രതീക്ഷിക്കുന്നത്. 46 ലക്ഷത്തോളം വരുന്ന നിലവിലുള്ള അയൽക്കൂട്ട അംഗങ്ങൾക്ക് പുറമേ അഭ്യസ്തവിദ്യരായ യുവതികളെക്കൂടി കുടുംബശ്രീ പ്രവർത്തനങ്ങളിൽ സജീവമാക്കുന്നതിനാണ് രണ്ടു വർഷം മുമ്പ് ഓക്‌സിലറി ഗ്രൂപ്പുകൾക്ക് രൂപം നൽകിയത്. ഇതാദ്യമായാണ് ഓക്‌സിലറി അംഗങ്ങൾക്കു വേണ്ടി വിപുലമായ സംഗമം ഒരുക്കുന്നത്. സാമൂഹ്യ സാമ്പത്തിക വൈജ്ഞാനിക മേഖലകളിൽ ഉൾപ്പെടെ യുവതികളുടെ സമഗ്ര വികസനത്തിനുതകുന്ന വേദിയായി ഓക്‌സിലറി ഗ്രൂപ്പുകളെ മാറ്റുകയും സംസ്ഥാനത്തുടനീളം പുതിയ ഗ്രൂപ്പുകൾ രൂപീകരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
അയൽക്കൂട്ട അംഗങ്ങളുടെ ശാക്തീകരണത്തിനായി സംഘടിപ്പിച്ചു വരുന്ന ‘തിരികെ സ്‌കൂളിൽ’ ക്യാമ്പയിന്റെ മാതൃകയിൽ ഓരോ സി.ഡി.എസിലെയും തെരഞ്ഞെടുത്ത സ്‌കൂളുകളിലാണ് ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ പരിശീലനം ഒരുക്കുന്നത്. രാവിലെ 9.45ന് ക്‌ളാസുകൾ ആരംഭിക്കും. ഓക്‌സിലറി ഗ്രൂപ്പിൻറെ പ്രാധാന്യം, പ്രവർത്തനങ്ങൾ, സാധ്യതകൾ എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ട് ‘വി കാൻ’, ‘ലെറ്റ് അസ് ഫ്‌ളൈ’, ‘ഉയരങ്ങളിലേക്കുള്ള കാൽവയ്പ്പ്’, ‘മുന്നേറാം- പഠിച്ചും പ്രയോഗിച്ചും’ എന്നിങ്ങനെ നാലു വിഷയങ്ങളിൽ പരിശീലനവും ചർച്ചയും സംഘടിപ്പിക്കും. ഓക്‌സിലറി ഗ്രൂപ്പ് പുനഃസംഘടന, ഭാവി പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച ആസൂത്രണവും ഇതോടൊപ്പം ഉണ്ടാവും. കൂടാതെ ഓക്‌സിലറി ഗ്രൂപ്പുകളെ വൈജ്ഞാനിക വിഭവ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുന്നതിനുളള ചർച്ചയും നടത്തും. 1070 സി.ഡി.എസുകളിലെ ഭാരവാഹികൾ, അധ്യാപകരായി എത്തുന്ന 6,000 ഓക്‌സിലറി കമ്യൂണിറ്റി ഫാക്കൽറ്റി എന്നിവർക്കുമുള്ള പരിശീലനം ഉൾപ്പെടെ ഓക്‌സോമീറ്റിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്.
ഓക്‌സോമീറ്റിനോടനുബന്ധിച്ച് പുതിയ ഓക്‌സിലറി ഗ്രൂപ്പുകളും രൂപീകരിക്കുന്നുണ്ട്. ഇതിൻറെ ഭാഗമായി വാർഡുതലത്തിൽ മൊബിലൈസേഷൻ ക്യാമ്പുകൾ നടന്നു വരികയാണ്. ഓരോ ഓക്‌സിലറി ഗ്രൂപ്പിലും അമ്പത് പേർക്ക് വരെ അംഗങ്ങളാകാം. അമ്പതിൽ കൂടുതൽ അംഗങ്ങൾ വരുന്ന സാഹചര്യത്തിൽ പുതിയ ഗ്രൂപ്പ് രൂപീകരിക്കും. ധനകാര്യം, ഏകോപനം, സാമൂഹ്യ വികസനം, ഉപജീവനം എന്നിവയുടെ ഓരോ പ്രതിനിധിയും ടീം ലീഡറും ഉൾപ്പെടെ അഞ്ചു ഭാരവാഹികൾ ഒരു ഗ്രൂപ്പിൽ ഉണ്ടാകും.
18 മുതൽ 40 വരെ പ്രായമുള്ളവരാണ് ഓക്‌സിലറി ഗ്രൂപ്പിൽ വരുന്നത്. വിദ്യാസമ്പന്നരും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുമായ യുവതികൾക്ക് കാർഷികം. സൂക്ഷ്മസംരംഭം, ഐ.ടി, വിനോദ സഞ്ചാരം തുടങ്ങി വിവിധ മേഖലകളിൽ തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനും മറ്റ് ഉപജീവന സാധ്യതകൾ കണ്ടെത്തുന്നതിനും സജീവമായ ശ്രമങ്ങൾ ഉണ്ടാവും. വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന സാമൂഹ്യ സംഘടനയായി നവകേരള നിർമിതിയിലും ഇവരുടെ പങ്കാളിത്തം ഉറപ്പാക്കും. ലിംഗപരമായ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും പരിഹരിക്കാനും പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്ന സാമൂഹ്യ കൂട്ടായ്മയായും ഓക്‌സിലറി ഗ്രൂപ്പുകളെ വികസിപ്പിക്കും.
അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ യുവതികളുടെ വൈജ്ഞാനിക ശേഷിയെ സമൂഹത്തിനും കുടുംബത്തിനും ഗുണകരമാകുന്ന രീതിയിൽ വിനിയോഗിക്കാനും നൂതന തൊഴിൽ മേഖലകൾ അവർക്ക് പരിചയപ്പെടുത്താനും ഓക്‌സിലറി ഗ്രൂപ്പുകൾ സജീവമാകുന്നതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവാഹത്തോടെ ജോലി ഉപേക്ഷിക്കേണ്ടി വരുന്ന ലക്ഷക്കണക്കിന് യുവതികൾക്കടക്കം ഓക്‌സിലറി ഗ്രൂപ്പുകൾ പുതിയ പ്രവർത്തന മണ്ഡലമാകും. തിരുവനന്തപുരം, എറണാകുളം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഈ മാസം 23ന് ഓക്‌സിലറി മീറ്റ് നടക്കും. ഈ രണ്ടു ജില്ലകളിൽ ജനുവരിയിലാകും സംഗമം നടക്കുക. അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിനായ ‘തിരികെ സ്‌കൂളിൽ’ സംസ്ഥാനത്തുടനീളം വൻ പങ്കാളിത്തമാണ് നേടിയത്. ഇതിനകം 35 ലക്ഷത്തോളം വനിതകൾ ക്യാമ്പയിനിന്റെ ഭാഗമായി.