
ജനുവരി നാല് മുതൽ എട്ട് വരെ നടക്കുന്ന 62 മത് കേരള സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. മുൻ കലാതിലകം ഡോ. ദ്രൗപതി പ്രവീൺ ചിത്രകാരിയായ ശ്രുതിക്ക് ബ്രഷ് കൈമാറിക്കൊണ്ട് ചിത്രരചന മത്സരം ഉദ്ഘാടനം ചെയ്തു. മനസ്സിൽ വിരിയുന്ന അപൂർവ്വ കലയെ പുറത്തെത്തിക്കുക എന്നതാണ് ഓരോ കലാകാരന്മാരുടെയും ലക്ഷ്യമെന്നും അത് നിറവേറ്റുക എന്നത് കലാകാരന്മാരുടെ ഉത്തരവാദിത്വമാണെന്നും ദ്രൗപതി പറഞ്ഞു.
കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസ് ക്ലബ് സെക്രട്ടറി സനൽ ഡി പ്രേം, കലോത്സവ പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പ്രിൻസ് എം, ജോയിന്റ് കൺവീനർമാരായ കെ ഗോപകുമാർ, ആർ സജീവ്, വിമലഹൃദയ സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്രാൻസിനി മേരി എന്നിവർ പങ്കെടുത്തു.കേരള മീഡിയ അക്കാദമി, കൊല്ലം പ്രസ് ക്ലബ്ബ്, സംസ്ഥാന സ്‌കൂൾ കലോത്സവ പബ്ലിസിറ്റി കമ്മിറ്റി എന്നിവർ സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. എച്ച്എസ്എസ് വിഭാഗത്തിന് സമാധാന ലോകം, എച്ച് എസ് വിഭാഗത്തിന് ആഘോഷം എന്നതായിരുന്നു മത്സര വിഷയങ്ങൾ. നൂറിൽപരം കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്.




